തുര്‍ക്കി ഭൂകമ്പം: മരണം 22 ആയി; 1,000 പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

രക്ഷാപ്രവര്‍ത്തനത്തിനായി 400 ഓളം പേരെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.

Update: 2020-01-25 14:17 GMT

അങ്കാറ: കിഴക്കന്‍ തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ആയിരത്തോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് റിപോര്‍ട്ട്. മുപ്പതോളം പേരെ കാണാതായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കിഴക്കന്‍ പ്രവിശ്യയായ എലാസിഗിലെ ചെറിയ പട്ടണമായ സിവ്രിജയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8.55നാണ് ഭൂചലനമുണ്ടായതെന്ന് തുര്‍ക്കി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന 39 പേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. 20 ലധികം പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ശക്തമായ ഭൂകമ്പമുണ്ടായതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി കെട്ടിടത്തില്‍നിന്ന് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി 400 ഓളം പേരെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.

ഭൂചലനമുണ്ടായ പശ്ചാത്തലത്തില്‍ തകര്‍ന്ന കെട്ടിടങ്ങളിലേക്ക് വീണ്ടും മടങ്ങരുതെന്ന് അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തലസ്ഥാനമായ അങ്കാറയില്‍നിന്ന് 550 കിലോമീറ്റര്‍ കിഴക്കായി ഭൂകമ്പമുണ്ടായ പ്രദേശം വിദൂരവും ജനസാന്ദ്രത കുറഞ്ഞതുമാണ്. അതിനാല്‍, നാശനഷ്ടങ്ങളുടെയും മരണങ്ങളുടെയും വിശദാംശങ്ങള്‍ പുറത്തുവരുന്നതും മന്ദഗതിയിലാണ്. തുര്‍ക്കിയില്‍ ഇതിന് മുമ്പും ശക്തമായ ഭൂകമ്പങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 1999 ല്‍ പടിഞ്ഞാറന്‍ നഗരമായ ഇസ്മിറ്റിലുണ്ടായ ഭൂകമ്പത്തില്‍ 17,000 പേരാണ് മരിച്ചത്. 

Tags:    

Similar News