ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്; അതീവ ജാഗ്രത, ശക്തമായ ഭൂചലനത്തിന് പിന്നാലെ 80 സെന്റീമീറ്റര്‍ ഉയരത്തില്‍ കൂറ്റന്‍ തിരമാലകള്‍

Update: 2026-04-20 14:37 GMT

ടോക്യോ: ജപ്പാനില്‍ അതിശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്നാണ് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയത്. ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്താണ് ഭൂചലനമുണ്ടായത്. വടക്കന്‍ ജപ്പാനിലെ ഇവാത്തെ പ്രവിശ്യയുടെ തീരക്കടലില്‍ പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4:53-ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ജെ എം എ) മുന്നറിയിപ്പ് നല്‍കി. ഭൂകമ്പത്തിന് 40 മിനിറ്റുകള്‍ക്ക് ശേഷം കുജി തുറമുഖത്ത് 80 സെന്റിമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചു.

ഭൂകമ്പത്തെ തുടര്‍ന്ന് തീരദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവരോട് ഉടന്‍ തന്നെ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറിതാമസിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ടോക്കിയോ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. സുനാമി തിരമാലകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ എല്ലാവരും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കി. നിലവില്‍ വന്‍തോതിലുള്ള നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി സനെയ് തകൈച്ചിയുടെ നേതൃത്വത്തില്‍ അടിയന്തര ദുരിതാശ്വാസ സെല്‍ രൂപീകരിച്ചു. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങള്‍ എത്രയും വേഗം ഒഴിഞ്ഞുപോരണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ആളപായമോ സ്വത്തുനാശമോ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണ്.

ലോകത്തെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നായ 'റിംഗ് ഓഫ് ഫയറിലാണ്' ജപ്പാന്‍ സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തില്‍ ഏകദേശം 1,500 ഓളം ഭൂചലനങ്ങള്‍ ഇവിടെ അനുഭവപ്പെടാറുണ്ട്.