'ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കാം, ആ രാത്രി നാളെ ആയേക്കാം'; ഭീഷണിയുമായി ട്രംപ്

Update: 2026-04-07 04:01 GMT

വാഷിങ്ടണ്‍: അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ നിരസിച്ചതിന് പിന്നാലെ കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ചിലപ്പോള്‍ ആ രാത്രി നാളെയായേക്കാമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാന്റെ വൈദ്യുതി നിലയങ്ങളെയും പാലങ്ങളെയും ആക്രമിക്കുമെന്നാണ് ട്രംപ് വീണ്ടും പറഞ്ഞിരിക്കുന്നത്. വൈറ്റ് ഹൗസില്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് പറഞ്ഞത്.

എന്നാല്‍ ഇത്തരത്തില്‍ സംഭവിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഇറാന്റെ പുനര്‍നിര്‍മാണത്തിന് യുഎസിന്റെ സഹായം ഉണ്ടായേക്കാമെന്നും അതില്‍ ഇത്രയും ചെലവേറിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. മുമ്പ് ഇറാന്‍ തന്നെ ഗൗരവമായി പരിഗണിച്ചില്ല, അതാണ് തെഹ്റാന് സമീപമുള്ള പ്രധാന പാലങ്ങള്‍ തകര്‍ക്കാനുള്ള ഉത്തരവിലേക്ക് നയിച്ചതെന്നും ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടുമണിവരെ നല്‍കിയ സമയപരിധി(ഇസ്രയേല്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണി) അവസാനത്തേതാണെന്നും ഇറാന് ആവശ്യത്തിലധികം സമയം നീട്ടിനല്‍കിയെന്നും ട്രംപ് വിശദീകരിച്ചു.

ഹോര്‍മൂസ് കടലിടുക്ക് തുറന്ന് സമാധാനക്കരാറില്‍ ഒപ്പിടാന്‍ ഇറാന് നല്‍കിയ പത്ത് ദിവസത്തെ സമയം ചൊവ്വാഴ്ച അവസാനിക്കുകയാണ്. ഹോര്‍മുസ് പൂര്‍ണമായും തുറക്കണമെന്ന അന്ത്യശാസനം ഇനി നീട്ടില്ലെന്നും നാളെ അവസാനിക്കുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഇറാന്‍ മുന്നോട്ടുവച്ചത്.

Tags: