11 ദരിദ്ര രാജ്യങ്ങള്‍ക്കുള്ള ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ സഹായം നിര്‍ത്തിവച്ച് ട്രംപ്; ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് 'മരണം' സംഭവിക്കുമെന്ന് മുന്നറിയിപ്പ്
വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാന്‍, സിറിയ, യമന്‍, മറ്റ് 11 ദരിദ്ര രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ അടിയന്തര പദ്ധതികള്‍ക്കുള്ള ധനസഹായം ട്രംപ് ഭരണകൂടം നിര്‍ത്തലാക്കി. യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി ബന്ധപ്പെട്ടവരാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഭക്ഷ്യസഹായത്തിന്റെ ഏറ്റവും വലിയ ദാതാക്കളായ വേള്‍ഡ് ഫുഡ് പ്രോഗ്രാം തിങ്കളാഴ്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പുതിയ വെട്ടിക്കുറയ്ക്കലുകള്‍ പിന്‍വലിക്കണമെന്ന് യുഎസിനോട് അഭ്യര്‍ത്ഥിച്ചു.
'കടുത്ത വിശപ്പും പട്ടിണിയും അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇത് വധശിക്ഷയ്ക്ക് തുല്യമായേക്കാം,' വേള്‍ഡ് ഫുഡ് പ്രോഗ്രാം തലവന്‍ പറഞ്ഞു. ജീവന്‍ രക്ഷാ പദ്ധതികള്‍ക്ക് 'തുടര്‍ച്ചയായ പിന്തുണ ആവശ്യപ്പെടുന്നതിനായി' ട്രംപ് ഭരണകൂടവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഏജന്‍സി പറഞ്ഞു. 13 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിനും ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിന്റെ കലാപത്തിനും ശേഷം ദാരിദ്ര്യം, അരക്ഷിതാവസ്ഥ എന്നിവയുമായി പോരാടുന്ന രാജ്യമായ സിറിയയില്‍ ഏകദേശം 230 മില്യണ്‍ ഡോളറിന്റെ കരാറുകള്‍ സമീപ ദിവസങ്ങളില്‍ അവസാനിപ്പിച്ചതായി വെട്ടിക്കുറവുകള്‍ വിശദീകരിക്കുന്ന ഒരു സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രേഖയില്‍ പറയുന്നു.
