'മാര്‍പാപ്പ ഒരു രാഷ്ട്രീയക്കാരനാകാന്‍ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം'; ട്രംപ്
വാഷിങ്ടണ്‍: ഇറാനെതിരായ അമേരിക്കന്‍, ഇസ്രായേല്‍ യുദ്ധത്തിനെതിരെ, പ്രതികരണം നടത്തിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്‌ക്കെതിരേ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാഷ്ട്രീയക്കാരനാകാല്ല, മഹാനായ മാര്‍പാപ്പയാകാനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുന്ന ഒരു മാര്‍പാപ്പയെ തനിക്കുവേണ്ട. ലിയോ മാര്‍പാപ്പ തന്നോട് നന്ദിയുള്ളവനായിരിക്കണം. ഒരു അമേരിക്കക്കാരനായതിനാല്‍ മാത്രമാണ് സഭ ലിയോയെ മാര്‍പാപ്പ ആക്കിയതെന്നും ട്രംപ് പറയുന്നു. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മാര്‍പാപ്പയുടെ നിലപാട് ദുര്‍ബലമാണെന്നും വിദേശ നയങ്ങള്‍ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. ഇറാന്റെ ആണവ മോഹങ്ങള്‍ പോലുള്ള ഭീഷണികളെ മാര്‍പാാപ്പ അവഗണിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.
തന്നെ നേരിടാന്‍ വേണ്ടിയാണ് ഒരു അമേരിക്കക്കാരനായ ലിയോയെ സഭ മാര്‍പാപ്പയായി തിരഞ്ഞെടുത്തതെന്ന് ട്രംപ് ആരോപിച്ചു. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ ലിയോ വത്തിക്കാനില്‍ ഉണ്ടാകുമായിരുന്നില്ലെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. മാര്‍പ്പാപ്പ ഒരു രാഷ്ട്രീയക്കാരനാകാന്‍ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോമണ്‍ സെന്‍സ് ഉപയോഗിക്കണമെന്നും ട്രംപ് ഉപദേശിച്ചു. മാര്‍പാപ്പയുടെ ഇപ്പോഴത്തെ നിലപാടുകള്‍ കത്തോലിക്കാ സഭയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഡേവിഡ് ആക്‌സല്‍റോഡ് പോലുള്ള ഇടത് ചിന്താഗതിക്കാരുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ലിയോയുടെ സഹോദരന്‍ ലൂയിസ് തന്നെ അനുകൂലിക്കുന്ന ആളാണെന്നും എന്നാല്‍ മാര്‍പാപ്പയ്ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നും ട്രംപ് പരിഹസിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ശനിയാഴ്ച നടന്ന വൈകുന്നേരത്തെ പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തത്.
