സൊമാലിയയില്‍ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ 79 മരണം

ദ്യാര്‍ഥികളാണ് മരിച്ചവരില്‍ ഏറെയുമെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രണ്ട് തുര്‍ക്കി പൗരന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നികുതിപിരിക്കുന്ന ചെക്ക് പോയിന്റിലാണ് സ്‌ഫോടനം നടന്നത്.

Update: 2019-12-28 17:48 GMT

മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ ശനിയാഴ്ചയുണ്ടായ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥികള്‍ അടക്കം 79 പേര്‍ മരിച്ചു. 90 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് റിപോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വിദ്യാര്‍ഥികളാണ് മരിച്ചവരില്‍ ഏറെയുമെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രണ്ട് തുര്‍ക്കി പൗരന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. നികുതിപിരിക്കുന്ന ചെക്ക് പോയിന്റിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. രണ്ടുവര്‍ഷത്തിനിടെ മൊഗാദിഷുവിലുണ്ടായ ശക്തിയേറിയ സ്‌ഫോടനമാണിത്. 2017 ഒക്ടോബറില്‍ മൊഗാദിഷുവിലുണ്ടായ സ്‌ഫോടനത്തില്‍ 500 ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ് ആക്രമണത്തെ അതിശക്തമായി അപലപിച്ചെങ്കിലും ഏതെങ്കിലും സംഘടനകളെ പേരെടുത്തുപരാമര്‍ശിച്ചില്ല. തിരക്കേറിയ സമയത്താണ് നികുതി പിരിവ് കേന്ദ്രത്തെ ലക്ഷ്യമാക്കി സ്‌ഫോടനം നടത്തിയതെന്ന് പോലിസ് ഉന്നത ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രദേശത്ത് മുഴുവന്‍ കറുത്ത പുക ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളായിരുന്നുവെന്ന് മേയര്‍ ഒമര്‍ മഹ്മൂദ് മുഹമ്മദ് പറഞ്ഞു. കത്തിക്കരിഞ്ഞ വാഹനങ്ങള്‍ക്കിടയില്‍ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

തന്റെ പക്കല്‍ 73 മൃതദേഹങ്ങളെത്തിയതായി മൊഗാദിഷുവിലെ മദീന ഹോസ്പിറ്റല്‍ ഡയറക്ടര്‍ മുഹമ്മദ് യൂസഫ് സ്ഥിരീകരിച്ചു. കുറച്ചുപേരെ ഡിഗ്‌ഫെര്‍, സൊമാലി സുഡാനീസ് ആശുപത്രികളിലേക്ക് കൊണ്ടുവന്നതായി ആശുപത്രി ഡയറക്ടര്‍മാരും അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ് നിരവധി രോഗികളാണ് ചികില്‍സയില്‍ കഴിയുന്നത്. അതുകൊണ്ട് മരണസംഖ്യ ഇനിയും ഉയരുമെന്ന് ഭയപ്പെടുന്നതായി ഡയറക്ടര്‍ പറഞ്ഞു. മരിച്ചവരില്‍ നിരവധി പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് ഇസ്മായില്‍ മുഖ്താര്‍ പറഞ്ഞു. ആക്രമണം നടന്ന റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ഇസ് കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യകമ്പനിയില്‍ ജോലിചെയ്തിരുന്ന രണ്ട് തുര്‍ക്കി പൗരന്‍മാരുടെ മരണം തുര്‍ക്കി എംബസിയിലെ സൊമാലിയന്‍ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു. 

Tags:    

Similar News