മുഖ്യ മയക്കുമരുന്ന് മാഫിയ തലവന്‍ പവന്‍ ഠാക്കൂര്‍ ദുബായില്‍ പിടിയില്‍; പ്രതിയെ ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും

Update: 2025-11-25 11:46 GMT

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ 2500 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടിയ കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരനുമായ പവന്‍ ഠാക്കൂര്‍ ദുബായില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഠാക്കൂറിനെ ഉടന്‍ തന്നെ ദുബായില്‍ നിന്ന് നാടുകടത്തി ഇന്ത്യയിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ 282 കോടി രൂപയുടെ മെത്താഫെറ്റമിന്‍ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിലും പവന്‍ ഠാക്കൂറായിരുന്നു മുഖ്യസൂത്രധാരന്‍.

2024 നവംബറില്‍ ആയിരുന്നു പവന്‍ ഠാക്കൂറിന്റെ കൂട്ടാളികളായ അഞ്ചുപേരെ 500 കോടിയോളം രൂപ വിലവരുന്ന 82 കിലോ കൊക്കെയ്ന്‍ കടത്തിയതിന് പിടികൂടിയത്. ആദ്യം ഇവര്‍ ഇന്ത്യയിലേക്ക് കടല്‍വഴി മയക്കുമരുന്ന് കൊണ്ടുവരുകയും പിന്നീട് ട്രക്കില്‍ ഡല്‍ഹിയിലെ ഗോഡൗണിലെത്തിച്ച് സൂക്ഷിക്കുകയായിരുന്നു.

ഈ സംഭവത്തോടെ പവന്‍ ഠാക്കൂറും കുടുംബവും വിദേശത്തേക്ക് കടക്കുകയായിരുന്നു. എന്നാല്‍ അവിടെ വച്ചും ഇയാള്‍ ഇന്ത്യയിലെ കള്ളക്കടത്തും കള്ളപ്പണം വെളുപ്പിക്കലും നിയന്ത്രിച്ചിരുന്നതായാണ് വിവരം. കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍സിബി മുഖേന പവന്‍ ഠാക്കൂറിനെതിരേ ഇന്റര്‍പോളിന്റെ സില്‍വര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരുടെ സ്വത്തുക്കളും സമ്പാദ്യങ്ങളും സാമ്പത്തിക ഇടപാടുകളും കണ്ടെത്താനും ഇത് പിടിച്ചെടുക്കാനും അധികാരം നല്‍കുന്നതാണ് സില്‍വര്‍ നോട്ടീസ്. ഇതിനുപിന്നാലെ 681 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് ഇഡിയും പവന്‍ ഠാക്കൂറിനെതിരേ കേസെടുത്തിരുന്നു. കേസില്‍ ഹാജരാകാനായി ഒട്ടേറെ തവണ നോട്ടീസ് നല്‍കിയെങ്കിലും പ്രതി ഹാജരായില്ല. ഇതോടെ ഡല്‍ഹി പട്യാലഹൗസ് കോടതി ഇയാള്‍ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിപ്പിക്കുകയായിരുന്നു.