ഇറാനില്‍ ചാരവൃത്തി നടത്തിയ മൂന്ന് പേരെ തൂക്കിലേറ്റി; 700 പേര്‍ അറസ്റ്റില്‍
തെഹ്റാന്‍: ഇറാനില്‍ ചാരവൃത്തി നടത്തിയ മൂന്ന് പേരെ തൂക്കിലേറ്റി. 700 പേരെ അറസ്റ്റ് ചെയ്തു. ഇറാന്‍ രാജ്യത്തിനകത്തുള്ള ഇസ്രായേലി ചാരന്മാരെ കണ്ടെത്തുന്നതിനുള്ള വ്യാപക നടപടി സ്വീകരിച്ചിരുന്നു. 12 ദിവസത്തെ യുദ്ധത്തിനിടയില്‍ ഇസ്രായേലിന്റെ ചാര ശൃംഖലയുടെ ഭാഗമാണെന്ന് സംശയിക്കുന്ന 700-ലധികം പേരെയാണ് ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സേനയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇറാനി മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതിനിടെ ചാരവൃത്തി ആരോപണത്തില്‍ അറസ്റ്റിലായ മൂന്ന് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായും ഇറാന്‍ അറിയിച്ചു. ഇദ്രിസ് അലി, ആസാദ് ഷോജായ്, റസൂല്‍ അഹമ്മദ് റസൂല്‍ എന്നീ പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഇസ്രായേലുമായുള്ള സഹകരണം, കൊലപാതകങ്ങള്‍ നടത്താനായി രാജ്യത്തേക്ക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്ന് രാവിലെ ഇവരുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ അറിയിച്ചു. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കകമാണ് ഈ നടപടി.തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ ഉര്‍മിയയിലാണ് വധശിക്ഷകള്‍ നടന്നതെന്നും ഇറാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ജൂണ്‍ 13-ന് ഇസ്രായേല്‍ ആരംഭിച്ച ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ആരംഭിച്ച സൈനിക നടപടിക്ക് മൊസാദിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഡ്രോണുകള്‍ വിക്ഷേപിക്കാനുള്ള താവളങ്ങള്‍ വരെ ഇറാനിലെ ചാരന്മാര്‍ മൊസാദിന് ഒരുക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.