'ആക്രമിക്കാന്‍ വരുന്നവരെ പാഠം പഠിപ്പിക്കും, പോരാട്ടം എത്ര കാലം നീണ്ടാലും തുടരും': അബ്ബാസ് അരാഗ്ചി
തെഹ്‌റാന്‍: അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക പോരാട്ടം എത്ര കാലത്തേക്ക് വേണമെങ്കിലും തുടരാന്‍ ഇറാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. സ്വയം പ്രതിരോധിക്കാന്‍ ഇറാന്‍ ഒട്ടും മടിക്കില്ലെന്നും, ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാന്‍ ഇറാന്‍ സൈന്യം സജ്ജമാണ്. തങ്ങളെ ആക്രമിക്കാന്‍ വരുന്നവവരെ പാഠം പഠിപ്പിക്കാന്‍ ഈ യുദ്ധത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം ടെഹ്‌റാനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കന്‍ നീക്കത്തിന് മറുപടിയായാണ് ഈ പ്രസ്താവന.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഹോര്‍മുസ് കടലിടുക്കില്‍ സംയുക്ത നാവിക പട്രോളിംഗിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ഇറാന്റെ പ്രസ്താവന. കടലിടുക്ക് തങ്ങള്‍ അടച്ചിട്ടില്ലെന്നും എന്നാല്‍ അമേരിക്കയുമായും സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകള്‍ക്ക് ഈ പാത സുരക്ഷിതമായിരിക്കില്ലെന്നും ഇറാന്‍ സൂചന നല്‍കി. മേഖലയിലെ സംഘര്‍ഷം കൂടുതല്‍ വഷളാകാതിരിക്കാന്‍ മറ്റ് രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്നും ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും അരാഗ്ചി ആവശ്യപ്പെട്ടു.
വെടിനിര്‍ത്തലിനോ നയതന്ത്ര ചര്‍ച്ചകള്‍ക്കോ തങ്ങള്‍ മുന്‍കൈ എടുത്തിട്ടില്ലെന്ന് അരാഗ്ചി ആവര്‍ത്തിച്ച് പറഞ്ഞു. അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് 'തിരഞ്ഞെടുത്ത യുദ്ധം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കന്‍ നിക്ഷേപങ്ങളെയും സൈനിക താവളങ്ങളെയും മാത്രമാണ് ഇറാന്‍ ലക്ഷ്യം വെക്കുന്നത്. പശ്ചിമേഷ്യന്‍ മേഖലയിലെ അയല്‍രാജ്യങ്ങള്‍ തങ്ങളുടെ മണ്ണ് ഇസ്രായേലിന് ഉപയോഗിക്കാന്‍ വിട്ടുനല്‍കുന്നത് നിശബ്ദമായി കണ്ടുനില്‍ക്കാനാവില്ല. യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവില്ലെന്ന ഉറപ്പും യുദ്ധ നഷ്ടപരിഹാരവും വേണമെന്നാണ് ഇറാന്റെ നിലപാട്.
