ലോകത്തെ ജനപ്രിയ ആപ്ലിക്കേഷനുകള്‍ പണിമുടക്കി

Update: 2025-10-20 17:07 GMT

ന്യൂയോര്‍ക്ക്: ലോകത്തെ ജനപ്രിയ ആപ്ലിക്കേഷനുകള്‍ പണിമുടക്കി. പെര്‍പ്ലക്സിറ്റി, സ്നാപ്ച്ചാറ്റ്, കാന്‍വ, ആമസോണ്‍, സ്പോട്ടിഫൈ അടക്കമുള്ള ഒട്ടനവധി ജനപ്രിയ ആപ്പുകളും വെബ്‌സൈറ്റുകളുമാണ് പ്രവര്‍ത്തനരഹിതമായത്. എഡബ്ല്യുഎസ് (ആമസോണ്‍ വെബ് സര്‍വീസ്), റോബിന്‍ഹുഡ് എന്നിവയുള്‍പ്പെടെ നിരവധി പ്രധാന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ തിങ്കളാഴ്ച തടസങ്ങള്‍ നേരിട്ടതായി ഔട്ടേജ് മോണിറ്ററിങ് സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡൗണ്‍ഡിറ്റക്ടര്‍ പ്രകാരം യുഎസില്‍ 2,000-ത്തിലധികം എഡബ്ല്യുഎസ് സേവനങ്ങള്‍ തകരാറിലായതായാണ് റിേപാര്‍ട്ട് ചെയ്യപ്പെട്ടത്. കൂടാതെ നിരവധി ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത ഡിജിറ്റല്‍ സേവനങ്ങളും ആപ്പുകളും ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ആമസോണ്‍ വെബ് സര്‍വീസില്‍ നിന്നാണ് തടസങ്ങള്‍ വന്നതെന്ന് ഡൗണ്‍ഡിറ്റക്ടര്‍ വ്യക്തമാക്കി.

ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഒരു ക്ലൗഡ് സേവന ദാതാവാണ് എഡബ്ല്യുഎസ്. ഇന്റര്‍നെറ്റിന്റെ വലിയൊരു ഭാഗം ഇത് പിന്തുണയ്ക്കുന്നു. ലോകത്തിലെ ഇന്റര്‍നെറ്റ് വിതരണ ശൃംഖലയ്ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്ന ഒരു സാങ്കേതിക സേവന ദാതാവാണ് എഡബ്ല്യുഎസ്. നിരവധി വെബ്സൈറ്റുകളും സേവനങ്ങളും ആപ്ലിക്കേഷനുകള്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്നു.

ആമസോണ്‍ വെബ് സര്‍വീസസ് എന്നതിന്റെ ചുരുക്കപ്പേരാണ് AWS. ആമസോണ്‍ നല്‍കുന്ന, ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങളുടെ ഒരു വലിയ ശേഖരമാണിത്. സ്വന്തമായി ഭീമന്‍ ഡാറ്റാ സെന്ററുകളും സെര്‍വറുകളും സ്ഥാപിക്കുന്നതിന് പകരം, കമ്പ്യൂട്ടിങ് സേവനങ്ങള്‍ക്കായി ആമസോണിന്റെ ക്ലൗഡ് പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ ഇത് കമ്പനികളെ സഹായിക്കുന്നു.

ആമസോണ്‍ പ്രൈം വീഡിയോ, സ്പോട്ടിഫൈ, കോയിന്‍ബേസ്, സൂം എന്നിവയാണ് തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് പ്രധാന ആപ്ലിക്കേഷനുകള്‍. ബ്രിട്ടനില്‍ പ്രാദേശിക സമയം രാവിലെ 8 മണിയോടെയാണ് തടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതെന്ന് ബ്രിട്ടണ്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പിന്നാലെ നിരവധി പരാതികള്‍ വന്നുതുടങ്ങി. ഇന്ത്യയിലുള്‍പ്പെടെ ഇപ്പോഴും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് നിരവധി ഉപഭോക്താക്കള്‍ പരാതിയായി അറിയിച്ചു. അതേസമയം, ചില പ്ലാറ്റ്ഫോമുകളുടെ സേവനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.