ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ലക്ഷം പിന്നിട്ടു; അമേരിക്കയിൽ മാത്രം ആറ് ലക്ഷം മരണം
ഇന്ത്യയിൽ പ്രതിദിനം നാലായിരത്തിലധികം മരണങ്ങളാണ് റിപോർട്ട് ചെയ്യുന്നത്. ആകെ മരണം 2.74 ലക്ഷമായി ഉയർന്നു.
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തിനാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ പതിനായിരത്തിലധികം മരണങ്ങളാണ് റിപോർട്ട് ചെയ്തത്. കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി നാൽപത്തിരണ്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം അഞ്ച് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ ഒന്നര കോടിയിലധികം പേർ ചികിൽസയിലുണ്ട്.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപോർട്ട് ചെയ്തത്. ഇതുവരെ ആറ് ലക്ഷത്തിലധികം പേരാണ് യുഎസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയേഴ് ലക്ഷം രോഗബാധിതരുണ്ട്. ഇരുപത്തിനാല് മണിക്കൂറിനിടെ 20,000ത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. രാജ്യത്ത് 4.36 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒന്നരകോടിയിലധികം രോഗബാധിതരുണ്ട്. നിലവിൽ പത്ത് ലക്ഷത്തിലധികം പേർ ചികിൽസയിലുണ്ട്.
ഇന്ത്യയിൽ പ്രതിദിനം നാലായിരത്തിലധികം മരണങ്ങളാണ് റിപോർട്ട് ചെയ്യുന്നത്. ആകെ മരണം 2.74 ലക്ഷമായി ഉയർന്നു. കഴിഞ്ഞ ദിവസം 2.81 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടര കോടിയുടെയടുത്ത് രോഗബാധിതരുണ്ട്. നിലവിൽ 35 ലക്ഷം പേർ മാത്രമേ ചികിൽസയിലുള്ളു.