ഗസയില്‍ ഭക്ഷണത്തിനായി കാത്തുനിന്നവരെ കൂട്ടക്കൊല ചെയ്ത സംഭവം; സ്വതന്ത്രാന്വേഷണം വേണമെന്ന് അന്റോണിയോ ഗുട്ടെറസ്

Update: 2024-03-01 06:38 GMT

വാഷിങ്ടണ്‍: ഗസയില്‍ ഭക്ഷണത്തിനായി കാത്തുനിന്നവരെ വെടിവെച്ച് കൊന്ന സംഭവത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഭക്ഷണത്തിനായി കാത്തുനിന്ന 104 ഫലസ്തീന്‍ പൗരന്‍മാരെയാണ് ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊന്നത്. ഗസയില്‍ നിന്നും ഒടുവിലായി പുറത്ത് വന്ന കൂട്ടക്കൊലയുടെ വാര്‍ത്ത തന്നെ ഞെട്ടിച്ചെന്ന് ഗുട്ടറസ് പറഞ്ഞു. ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 30,000ത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടന്നാണ് ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചതെന്നും ഗുട്ടറസ് കൂട്ടിച്ചേര്‍ത്തു.യു.എന്‍ സുരക്ഷാ സമിതിയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയങ്ങള്‍ തുടര്‍ച്ചായി പരാജയപ്പെടുത്തുന്നതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. വീറ്റോ അധികാരത്തെ യു എന്‍ സുരക്ഷാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ തളര്‍ത്തുന്നതിനുള്ള ഉപകരണമായി മാറ്റിയെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

നമുക്ക് ഒരു മാനുഷിക വെടിനിര്‍ത്തല്‍ ആവശ്യമാണ്. ബന്ദികളെ ഉടനടി മോചിപ്പിക്കേണ്ടതും അത്യാവശ്യമാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സുരക്ഷ കൗണ്‍സിലിന് സാധിക്കുമെന്ന് വിശ്വസിക്കുന്നതായും ഗുട്ടറെസ് പറഞ്ഞു.

ഗസയിലെ അല്‍ റഷീദ് തെരുവിലാണ് ഭക്ഷണത്തിനായി കാത്തുനിന്ന 104 പോരെ ഇസ്രായേല്‍ സേന വെടിവെച്ച് കൊന്നത്. സംഭവത്തെ കൂട്ടക്കൊലയെന്നാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചത്. പ്രദേശത്തേക്കുള്ള സഹായങ്ങള്‍ ഇസ്രായേല്‍ സേന പൂര്‍ണമായും റദ്ദാക്കിയതിനെ തുടര്‍ന്ന് ആഹാരത്തിനായി ഒരുമിച്ച് കൂടിയവര്‍ക്ക് നേരെയാണ് സൈന്യം വെടിയുതിര്‍ത്തത്.


Tags: