വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റി
കിങ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സില്‍ നിന്നുള്ള വിദഗ്ധരാണ് പഴയ കിസ്വ അഴിച്ചുമാറ്റി പുതിയ കിസ്‌വ അണിയിച്ചത്.
മക്ക: പഴയ കിസ്‌വ മാറ്റി വിശുദ്ധ കഅ്ബയെ പുതിയ കിസ്‌വ അണിയിച്ചു. കിങ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സില്‍ നിന്നുള്ള വിദഗ്ധരാണ് പഴയ കിസ്വ അഴിച്ചുമാറ്റി പുതിയ കിസ്‌വ അണിയിച്ചത്.
ഇതിനു മുന്നോടിയായി ഹറംകാര്യ വകുപ്പിനു കീഴിലെ സാങ്കേതിക, മെയിന്റനന്‍സ് വിഭാഗം കഴിഞ്ഞ ദിവസം കഅ്ബാലയത്തിന്റെ ചുമരുകളിലും കിസ്‌വ ബന്ധിക്കാനുള്ള സ്വര്‍ണ വളയങ്ങളിലും ആവശ്യമായ അറ്റകുറ്റപ്പണി നടത്തുകയും വളയങ്ങളില്‍ വീണ്ടും സ്വര്‍ണംപൂശി മിനിക്കുകയും ചെയതു. കിസ്‌വ ബന്ധിക്കുന്ന 54 സ്വര്‍ണ വളയങ്ങളാണ് വിശുദ്ധ കഅ്ബാലയത്തിലുള്ളത്. സ്വര്‍ണ വളയങ്ങള്‍ സ്ഥാപിച്ച കഅ്ബാലയത്തിന്റെ അടിഭാഗത്തെ ഇടഭിത്തിലെ മാര്‍ബിളുകള്‍ പരിശോധിച്ച് കേടുപാടുകളില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
പുതിയ കിസ്‌വ ഈ മാസം 11ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ കാരണവര്‍ ഡോ. സ്വാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ശൈബിക്ക് ഔപചാരികമായി കൈമാറിയിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ദുല്‍ഹജ് ഒന്നിന് കിസ്‌വ കൈമാറ്റ ചടങ്ങ് നടത്തുകയും ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹജ് ഒമ്പതിന് പഴയ പുടവ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുകമായിരുന്നു പതിവ്. ഇത്തവണ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുന്ന ചടങ്ങ് മുഹറം ഒന്നിന് നടത്താന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിക്കുകയായിരുന്നു.
ഹറംകാര്യ വകുപ്പിനു കീഴില്‍ ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സിലാണ് പ്രകൃതിദത്തമായ പട്ടുനൂല്‍ ഉപയോഗിച്ച് കിസ്‌വ നിര്‍മിച്ചത്. 14 മീറ്റര്‍ ഉയരമുള്ള കിസ്‌വയുടെ മുകളില്‍ നിന്ന് മൂന്നിലൊന്ന് താഴ്ചയില്‍ 95 സെന്റീമീറ്റര്‍ വീതിയുള്ള ബെല്‍റ്റുണ്ട്. 47 മീറ്റര്‍ നീളമുള്ള ബെല്‍റ്റ് ചതുരാകൃതിയിലുള്ള 16 കഷ്ണങ്ങള്‍ അടങ്ങിയതാണ്. കിസ്‌വ നാലു കഷ്ണങ്ങള്‍ അടങ്ങിയതാണ്. ഇതില്‍ ഓരോ കഷ്ണവും കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തും തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. അഞ്ചാമത് ഒരു ഭാഗം കൂടിയുണ്ട്. ഇത് വിശുദ്ധ കഅ്ബാലയത്തിന്റെ കവാടത്തിനു മുകളില്‍ തൂക്കുന്ന കര്‍ട്ടന്‍ ആണ്. കിസ്‌വ നിര്‍മാണത്തില്‍ 200 ലേറെ ജീവനക്കാര്‍ പങ്കാളിത്തം വഹിക്കുന്നു. സ്വര്‍ണ, വെള്ളി നൂലുകള്‍ ഉപയോഗിച്ച് കാലിഗ്രാഫി ചെയ്യുന്ന കിസ്‌വ നിര്‍മാണത്തിന് രണ്ടു കോടിയിലേറെ റിയാലാണ് ചെലവ് വരുന്നത്.

