ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മരണം: അനുശോചനം രേഖപ്പെടുത്തി ലോക രാജ്യങ്ങള്‍

Update: 2024-05-20 06:57 GMT

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി വിദേശ രാജ്യങ്ങള്‍. പ്രസിഡന്റ് ഇബ്രാഹിം റഈസി വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയനും സഞ്ചരിച്ച ഹെലികോപ്റ്റര്‍ വടക്കുപടിഞ്ഞാറന്‍ ഇറാനിലെ പര്‍വ്വതപ്രദേശത്ത് അപകടത്തില്‍പ്പെടുകയായിരുന്നു. ഹാര്‍ഡ് ലാന്‍ഡിങ്ങിനിടെയാണ് അപകടം. അപകടത്തില്‍ ഇറാന്‍ പ്രസിഡന്റടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു.

'ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും മരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ അഗാധമായ ദുഖമുണ്ട്,' യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ എക്സില്‍ പ്രതികരിച്ചു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേം സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 'ഈ ദുരന്ത സമയത്ത് ഞങ്ങള്‍ ഇറാനിയന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ദുഷ്‌കരമായ സാഹചര്യങ്ങളില്‍ സൗദി അറേബ്യ സഹോദര രാഷ്ട്രമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനൊപ്പം നില്‍ക്കുന്നു,' സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. റഈസിയുടെ മരണത്തില്‍ യു.എസ് വിദേശ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. വിഷമ ഘട്ടത്തില്‍ ഇറാന് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള വാര്‍ത്തയില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും തങ്ങളുടെ ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു.

ഫലസ്തീനും അപകടത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ ആശങ്ക പ്രകടിപ്പിച്ചു. ഈ വേദനാജനകമായ സംഭവത്തില്‍ , ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഞങ്ങളുടെ സഹോദരങ്ങളോടും അവിടുത്തെ ജനങ്ങളോടും നേതൃത്വത്തോടും സര്‍ക്കാരിനോടും ഞങ്ങള്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നാണ് ഫലസ്തീന്‍ പ്രതികരിച്ചത്.

ദാരുണമായ സംഭവത്തെ വളരെ വേദനയോടെ കാണുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.സംഭവവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അറിയിക്കാന്‍ ബാഗ്ദാദിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് കസെം അല്‍-ഇ സാദേഖുമായി ബന്ധപ്പെട്ടതായി ഇറാഖ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് റഷീദ് പറഞ്ഞു.

സംഭവം വളരെ വേദനാജനകമാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇറാനൊപ്പം നില്‍ക്കുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവത്തെത്തുടര്‍ന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ഇറാന്‍ വിദേശകാര്യ മന്ത്രാലയം നന്ദി രേഖപ്പെടുത്തി.




Tags: