യുദ്ധം ആറാം ദിവസത്തില്‍; ഗസ്സയില്‍ മരണം 1100 കടന്നു; പരിക്കേറ്റവര്‍ 5,600

Update: 2023-10-12 05:01 GMT

ഗസ്സ സിറ്റി: ഇസ്രായേല്‍ കനത്ത വ്യോമാക്രമണം തുടരുന്ന ഗസ്സയില്‍ മരണം 1100 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5600ഓളം പേര്‍ക്കാണ് പരിക്കേറ്റത്. മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതലും കുട്ടികളും സ്ത്രീകളും വയോധികരുമാണെന്ന് ഗസ്സ ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂസുഫ് അബു അല്‍-റീഷ് പറഞ്ഞു. ഗസ്സയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആറാം ദിവസവും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. അതേസമയം, ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവര്‍ 1200 ആയി.

ഗസ്സയിലെ ആശുപത്രികളെല്ലാം പരിക്കേറ്റവരാല്‍ നിറഞ്ഞിരിക്കുകയാണ്. ആശുപത്രികളുടെ നിലത്ത് ഉള്‍പ്പെടെ കിടത്തിയാണ് പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നത്. ഇസ്രായേല്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ഉപരോധം സാഹചര്യങ്ങള്‍ അങ്ങേയറ്റം ദുരന്തപൂര്‍ണമാക്കുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി.


ഗസ്സയിലേക്ക് വെള്ളവും ഇന്ധനവും വൈദ്യുതിയും ഉള്‍പ്പെടെ തടഞ്ഞുകൊണ്ടുള്ള സമ്പൂര്‍ണ ഉപരോധമാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ വൈദ്യുതി പൂര്‍ണമായും നിലക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ധനം തടഞ്ഞതിനാല്‍ ഗസ്സയിലെ ഏക വൈദ്യുതികേന്ദ്രത്തിന്റെ പ്രവര്‍ത്തനം ബുധനാഴ്ച നിലച്ചു. വൈദ്യുതി നിലയ്ക്കുന്നത് ആശുപത്രികളെ സാരമായി ബാധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നവജാത ശിശുക്കളും ഡയാലിസിസ് രോഗികളും ഉള്‍പ്പെടെ കനത്ത പ്രതിസന്ധി നേരിടും. ആശുപത്രികളിലെ ജനറേറ്ററുകള്‍ പ്രവര്‍ത്തനശേഷിയുടെ അവസാന ഘട്ടത്തിലാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സെന്‍ട്രല്‍ ഗസ്സയിലെ അല്‍-സബ്ര, ഖാന്‍ യൂനിസ് സൗത്ത്, ഗസ്സയുടെ പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നത്. ഗസ്സ അതിര്‍ത്തികളില്‍ വന്‍തോതിലുള്ള സൈനികവിന്യാസം നടത്തിക്കഴിഞ്ഞു. മൂന്ന് ലക്ഷത്തോളം സൈനികരാണ് തയ്യാറായിരിക്കുന്നതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. കരയുദ്ധത്തിന് ഇസ്രായേല്‍ തയാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

യു.എന്‍ കണക്ക് പ്രകാരം ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയത് മുതല്‍ 3.38 ലക്ഷം പേരാണ് തെരുവിലായത്. യു.എന്‍ അഭയാര്‍ഥി ക്യാമ്പുകളിലും സ്‌കൂളുകളിലുമായാണ് ഇവര്‍ കഴിയുന്നത്. ഗസ്സക്ക് ഭക്ഷണവും വെള്ളവും ഇന്ധനവും തടയരുതെന്ന് ഐക്യരാഷ്ട്രസഭ അധ്യക്ഷന്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.






Tags:    

Similar News