പുതിയ തായ്‌ലന്റ് രാജാവ് കിരീടധാരണത്തിന് മുമ്പ് അംഗരക്ഷകയെ വിവാഹം ചെയ്തു

രാജാവിന്റെ സ്വകാര്യ സുരക്ഷാ സേനയുടെ ഉപമേധാവിയായ സുതിദ തിജായിയാണ് അപ്രതീക്ഷിതമായി രാജ്ഞി പദവിയിലേക്കുയര്‍ന്നത്.

Update: 2019-05-02 05:24 GMT

ബാങ്കോക്ക്: കിരീടധാരണത്തിന് ദിവസങ്ങള്‍ക്കു മുമ്പ് തായ്‌ലന്റ് രാജാവ് മഹാ വാജിറലോങ്കോണ്‍ തന്റെ അംഗരക്ഷകയെ വിവാഹം ചെയ്തു. രാജാവിന്റെ സ്വകാര്യ സുരക്ഷാ സേനയുടെ ഉപമേധാവിയായ സുതിദ തിജായിയാണ് അപ്രതീക്ഷിതമായി രാജ്ഞി പദവിയിലേക്കുയര്‍ന്നത്. റോയല്‍ ഗസറ്റ് വഴിയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. പിന്നീട് വിവാഹാഘോഷ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു.

പിതാവ് ഭൂമിഭോല്‍ അതുല്യതേജ് 2016 ഒക്ടോബറില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് 66കാരനായ വാജിറലോങ്കോണ്‍ തായ്‌ലന്റിന്റെ രാജാവായി മാറിയത്. രാമ രാജാവ് പത്താമന്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന അദ്ദേഹം ശനിയാഴ്ച്ച ബുദ്ധമത, ബ്രാഹ്ണ ആചാരപ്രകാരം നടക്കുന്ന ചടങ്ങിലാണ് അധികാരമേല്‍ക്കുക.

തായ് എയര്‍വെയ്‌സില്‍ ജീവനക്കാരിയായിരുന്ന സുതിദയെ 2014ലാണ് വാജിറലോങ്കോണ്‍ തന്റെ അംഗരക്ഷക യൂനിറ്റിന്റെ ഉപമേധാവിയാക്കിയത്. ചില വിദേശമാധ്യമങ്ങള്‍ ഇതിന് മുമ്പ് തന്നെ ഇരുവരും പ്രണയത്തിലാണെന്ന സൂചന നല്‍കിയിരുന്നു. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. 2016 ഡിസംബറില്‍ സുതിദയ്ക്ക് റോയല്‍ തായ് ആര്‍മിയുടെ പൂര്‍ണ ജനറല്‍ പദവി ലഭിച്ചു. 2017ല്‍ രാജാവിന്റെ സ്വകാര്യ ഗാര്‍ഡുകളുടെ ഉപമേധാവിയാക്കി. ലേഡി എന്ന അര്‍ത്ഥം വരുന്ന താന്‍പുയിങ് പദവിയും അവര്‍ക്ക് നല്‍കിയിരുന്നു.

നേരത്തേ മൂന്ന് തവണ വിവാഹം ചെയ്യുകയും വിവാഹ മോചനം നടത്തുകയും ചെയ്തിട്ടുള്ള വാജിറലോങ്കോണിന് ഏഴ് മക്കളുണ്ട്. 

Tags:    

Similar News