കൊവിഡ് 19: പ്രതിരോധ വാക്‌സിന്‍ പരീക്ഷണവുമായി ആസ്‌ത്രേലിയ

കൊവിഡ്19 ബാധിച്ചവരെ ചികിൽസിക്കുന്നവര്‍ അടക്കമുള്ളവര്‍ക്കാണ് ക്ഷയരോഗത്തിനെതിരായ വാക്‌സിന്‍ നല്‍കാനൊരുങ്ങുന്നത്.

Update: 2020-03-30 11:42 GMT

മെല്‍ബണ്‍: കൊവിഡ്വിഡ് 19നെ തുരത്താൻ പ്രതിരോധ വാക്‌സിന്‍ പരീക്ഷണവുമായി ആസ്‌ത്രേലിയ. ക്ഷയരോഗത്തിനെതിരായ പ്രതിരോധ വാക്‌സിന്‍ ആസ്ത്രേലിയയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു. കൊവിഡ്19 ബാധിച്ചവരെ ചികിൽസിക്കുന്നവര്‍ അടക്കമുള്ളവര്‍ക്കാണ് ക്ഷയരോഗത്തിനെതിരായ വാക്‌സിന്‍ നല്‍കാനൊരുങ്ങുന്നത്.

ക്ഷയത്തിനെതിരായ ബിസിജി വാക്‌സിന്‍ 100 വര്‍ഷത്തോളമായി ഉപയോഗിക്കുന്നുണ്ട്. ക്ഷയത്തിന് മാത്രമല്ല മൂത്രാശയ കാന്‍സറിന്റെ ആദ്യ ഘട്ട ചികിൽസയ്ക്കും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ ജാഗരൂകമാക്കാനാണ് വാക്‌സിന്‍ പ്രയോഗിക്കുന്നത്. ബിസിജി വാക്‌സിന്‍ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുന്നു. അതിലൂടെ നിരവധി ബാക്ടീരയ, വൈറസ് ബാധകള്‍ക്കെതിരേ ശരീരം മികച്ച രീതിയില്‍ പ്രതിരോധം തീര്‍ക്കുന്നുവെന്ന് മെല്‍ബണ്‍ യൂനിവേഴ്‌സിറ്റിയിലെ ഡോ. നിഗെല്‍ കുര്‍ടിസ് പറയുന്നു.

ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ ഏതാണ്ട് 4,000 ആരോഗ്യപ്രവര്‍ത്തകരില്‍ വാക്‌സിന്‍ പ്രയോഗിക്കാനാണ് തീരുമാനം. പരീക്ഷിച്ച് വിജയിക്കാത്ത ഒരു വാക്‌സിന്‍ നല്‍കുന്നതിനേക്കാള്‍ ബിസിജി വാക്‌സിന്‍ നല്‍കുന്നതാണ് നല്ലതെന്നാണ് ഇവര്‍ പറയുന്നത്. ഈ വാക്‌സിന്‍ എടുക്കുന്ന ആളിന്റെ തൊലിപ്പുറത്ത് പാടും ചിലരില്‍ ചില അസ്വസ്ഥതകളും ഉണ്ടാക്കും എന്നുമാത്രം.

ലോകത്തെമ്പാടും വര്‍ഷംതോറും 13 കോടി കുട്ടികള്‍ക്ക് ബിസിജി വാക്‌സിന്‍ നല്‍കിവരുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യമാണ് ആരോഗ്യ വിദഗ്ധര്‍ പരിശോധിക്കുന്നത്. രോഗം പകരാന്‍ ഏറ്റവുമധികം സാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുകയെന്നതാണ് മെല്‍ബണ്‍ അധികൃതര്‍ പരിശോധിക്കുന്നത്. 

Tags: