ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ബുര്‍ഖ ധരിക്കല്‍ നിര്‍ബന്ധമാക്കി സിറിയ

ഡമാസ്‌കസ്: പൊതു ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ശരീരം മൂടുന്ന ബുര്‍ഖയോ മറ്റ് നീന്തല്‍ വസ്ത്രങ്ങളോ ധരിക്കണമെന്ന് ഉത്തരവിറക്കി സിറിയ. ജൂണ്‍ 9-ന് പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് പറയുന്നത്. വേനല്‍ക്കാലത്തിന് മുന്നോടിയായി ബീച്ചുകള്‍ക്കും നീന്തല്‍ക്കുളങ്ങള്‍ക്കുമുള്ള പൊതു സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ഒപ്പമാണ് ഇക്കാര്യം അറിയിച്ചത്.
ബീച്ചില്‍ പോകുന്നവരും പൊതുകുളങ്ങള്‍ സന്ദര്‍ശിക്കുന്നവരും ' മാന്യതയെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ വികാരങ്ങളെയും ബഹുമാനിക്കുന്ന ഉചിതമായ നീന്തല്‍ വസ്ത്രങ്ങള്‍' ധരിക്കണമെന്നും 'ശരീരം കൂടുതല്‍ മൂടുന്ന ബുര്‍ക്ക അല്ലെങ്കില്‍ നീന്തല്‍ വസ്ത്രങ്ങള്‍' ധരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.നീന്തല്‍ ഇല്ലാത്ത സമയത്ത് പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കണമെന്നും 'ഹോട്ടല്‍ ലോബികളിലോ റെസ്റ്റോറന്റുകളിലോ പൊതുസ്ഥലങ്ങളിലോ' നഗ്‌നമായ നെഞ്ച് കാട്ടി നടക്കരുതെന്നും പറയുന്നു.