ആസ്‌ത്രേലിയയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; സിഡ്‌നിയില്‍ ലോക്ക് ഡൗണ്‍ ഒരുമാസം കൂടി നീട്ടി

Update: 2021-07-28 06:02 GMT

കാന്‍ബറ: കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആസ്‌ത്രേലിയയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കുന്നു. ആസ്‌ത്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ ലോക്ക് ഡൗണ്‍ നാലാഴ്ചകൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. കഴിഞ്ഞമാസമാണ് കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ രാജ്യത്ത് കണ്ടെത്തിയത്. ഇതിനുശേഷമാണ് കൊവിഡ് കേസുകളില്‍ വന്‍തോതില്‍ വര്‍ധനവുണ്ടാവുന്നത്.

ഈ സാഹചര്യത്തില്‍ ആഗസ്ത് 28 വരെ സിഡ്‌നി നഗരത്തിലെ അഞ്ചുലക്ഷത്തോളമാളുകള്‍ വീട്ടില്‍തന്നെ തുടരണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സിഡ്‌നി തലസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് 177 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച ഇത് 172 ആയിരുന്നു. കൊവിഡ് ബാധിച്ച് 90 വയസ്സുകാരി കൂടി മരിച്ചതോടെ വൈറസ് പൊട്ടിത്തെറിക്കുശേഷമുണ്ടായ 11ാമത്തെ മരണമാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ച 46 പേരും രോഗനിര്‍ണയം നടത്തുന്നതിന് മുമ്പ് സമൂഹത്തില്‍ സജീവമായുണ്ടായിരുന്നവരാണ് എന്നത് ആശങ്ക പരത്തുന്നു.

രാജ്യത്ത് വ്യാപകമായി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നതായാണ് റിപോര്‍ട്ട്. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് 50 പേര്‍ പങ്കെടുത്ത സംസ്‌കാര ചടങ്ങില്‍ 45 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി അധികൃതര്‍ പറഞ്ഞു. പകര്‍ച്ചവ്യാധി ആരംഭിച്ചത് മുതല്‍ 25 ദശലക്ഷം ജനസംഖ്യയില്‍ 33,200 കേസുകളും 921 മരണങ്ങളുമുള്ള ആസ്‌ത്രേലിയയുടെ കൊവിഡ് എണ്ണം താരതമ്യേന കുറവാണ്.

Tags:    

Similar News