സുഡാന്‍ സംഘര്‍ഷം: യുഎന്‍ സമാധാന സേനയിലെ ആറ് ബംഗ്ലാദേശി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ധാക്ക: സുഡാനില്‍ നടന്ന ആക്രമണത്തില്‍ യു എന്‍ സമാധാന സേനയിലെ ആറ് ബംഗ്ലാദേശി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതര പരിക്കുകളെന്നും റിപ്പോര്‍ട്ട്. അബയേ മേഖലയിലെ യു എന്‍ സമാധാന സേനയിലെ സംഘം താമസിച്ചിരുന്ന ടെന്റിന് നേരെയാണ് ആക്രമണമുണ്ടായത്. ദക്ഷിണ സുഡാന്റെ അതിര്‍ത്തി പ്രദേശമായ അബയെയില്‍ ആക്രമണം തുടരുകയാണെന്ന് ഇന്റര്‍ സര്‍വിസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
'സുഡാനിലെ അബയെ മേഖലയിലെ യുഎന്‍ താവളത്തില്‍ ടത്തിയ ആക്രമണത്തില്‍ യുഎന്‍ സമാധാന സേന ദൗത്യത്തിലെ ആറ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു' - ധാക്കയിലെ സൈനിക വക്താവ് അറിയിച്ചു. കൂടാതെ പരിക്കേറ്റ സമാധാന സേനാംഗങ്ങള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും അധികാരികള്‍ എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും ബംഗ്ലാദേശ് സൈന്യം ഫേസ്ബുക്ക് പേജിലൂടെ പ്രസ്തവന ഇറക്കി.
'പ്രദേശത്തെ സ്ഥിതി ഇതുവരെ സ്ഥിരത കൈവരിച്ചിട്ടില്ല. തീവ്രവാദികളുമായുള്ള പോരാട്ടം തുടരുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. വിവരങ്ങള്‍ ലഭ്യമായിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ സ്ഥിതിഗതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൈന്യം യഥാസമയം പങ്കിടുന്നതായിരിക്കും' - പ്രസ്താവനയില്‍ പറയുന്നു.
അതേസമയം സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതുവരെ യുഎന്‍ സമാധാന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 50ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദക്ഷിണ സുഡാനും സുഡാനും തമ്മില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റുമുട്ടല്‍ നടക്കുകയാണ്. നിലവില്‍ യുഎന്നിന്റെ ബ്ലൂ ഹെല്‍മെറ്റ് ദൗത്യത്തിലെ കരസേന, നാവികസേന, വ്യോമസേന, പൊലീസ് എന്നിവരുടെതടങ്ങുന്ന 6,000ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.
കഴിഞ്ഞ രണ്ടര വര്‍ഷമായി ആഭ്യന്തരയുദ്ധത്തില്‍ വലയുകയാണ് ആഫ്രിക്കന്‍ രാജ്യമായ സുഡാന്‍. ഇക്കാലയളവില്‍ 40,000ത്തോളം പേര്‍ കൊല്ലപ്പെടുകയും 1.2 കോടി ആളുകള്‍ സ്വന്തം സ്ഥലങ്ങളില്‍ നിന്ന് കുടിയിറക്കപ്പെടുകയും ചെയ്തുവെന്നാണ് യുഎന്നിന്റെ കണക്ക്.
