ചൈനയില്‍ 5.6 തീവ്രതയില്‍ ശക്തമായ ഭൂചലനം; ആളപായമില്ല, കെട്ടിടങ്ങളും വാഹനങ്ങളും കുലുങ്ങി

Update: 2025-09-27 06:19 GMT

ബീജിങ്: ചൈനയിലെ ഗാന്‍സുവില്‍ ശക്തമായ ഭൂചലനം . ശനിയാഴ്ച രാവിലെ 5.49ന് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയിലെ ഡിങ്സിയിലെ ലോങ്സി കൗണ്ടിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ചൈന ഭൂകമ്പ നെറ്റ്വര്‍ക്ക് സെന്റര്‍ (സിഇഎന്‍സി) റിപ്പോര്‍ട്ട് ചെയ്തു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 34.91 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 104.58 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണ് സ്ഥിതി ചെയ്തിരുന്നത്. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് സിഇഎന്‍സി സ്ഥിരീകരിച്ചു. ചൈനയിലെ ഗാന്‍സു മേഖലയില്‍ ശനിയാഴ്ച 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ ഭൂകമ്പ ശാസ്ത്ര കേന്ദ്രം സ്ഥിരീകരിച്ചു. 35 കിലോമീറ്റര്‍ (21.75 മൈല്‍) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഇഎംഎസ്സി അറിയിച്ചു.

ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ചൈന ലെവല്‍ -3 അടിയന്തര പ്രതികരണം ആരംഭിച്ചു. സംയുക്ത കൂടിയാലോചനകള്‍ നടത്തുന്നതിനും ഭൂകമ്പ നിരീക്ഷണം മെച്ചപ്പെടുത്തുന്നതിനും ഭൂകമ്പാനന്തര പ്രവണത വിശകലനം ചെയ്യുന്നതിനും അനുബന്ധ വിവരങ്ങള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ബന്ധപ്പെട്ട യൂണിറ്റുകളെ ബാധിത സ്ഥലങ്ങളിലേക്ക് അയച്ചു.

ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക മാധ്യമ റിപോര്‍ട്ട് ചെയ്തു. ശക്തമായ ഭൂചലനത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഭൂചലനത്തെത്തുടര്‍ന്ന് വീടുകളും വാഹനങ്ങളും കുലുങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിന്യസിച്ചു.