ഇന്തോനീസ്യയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത

പ്രാദേശികസമയം വ്യാഴാഴ്ച രാവിലെ 8.46നാണ് ഭൂചലനമുണ്ടായത്. സെറം ദ്വീപിന് എട്ടുകിലോമീറ്റര്‍ അകലെ മാലുകു പ്രവിശ്യയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 29 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായിരിക്കുന്നത്.

Update: 2019-09-26 04:53 GMT

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനീസ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായതായി റിപോര്‍ട്ട്. പ്രാദേശികസമയം വ്യാഴാഴ്ച രാവിലെ 8.46നാണ് ഭൂചലനമുണ്ടായത്. സെറം ദ്വീപിന് എട്ടുകിലോമീറ്റര്‍ അകലെ മാലുകു പ്രവിശ്യയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 29 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായിരിക്കുന്നത്.


 ഭൂചലനത്തെത്തുടര്‍ന്ന് ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും ഇതുവരെയും നല്‍കിയിട്ടില്ല. പെട്ടെന്ന് വീട് കുലുങ്ങാന്‍ തുടങ്ങിയപ്പോള്‍ പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. അതേസമയം, പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും ശാന്തരാവണമെന്നും പ്രാദേശിക ദുരന്ത ഏജന്‍സി മേധാവി ഓറല്‍ സെം വിലാര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. സുനാമി ഭീഷണിയില്ലാത്തതിനാല്‍ ആളുകള്‍ പാലായനം ചെയ്യേണ്ട ആവശ്യമില്ല.

എന്തെങ്കിലും നാശനഷ്ടങ്ങളോ അപകടങ്ങളോ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് സുലവേസി ദ്വീപിലെ പാലുവിലുണ്ടായ സുനാമിയില്‍ 4,300 ലധികം ആളുകള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിരുന്നതായാണ് റിപോര്‍ട്ട്. 2004 ഡിസംബര്‍ 26ന് സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് രൂപപ്പെട്ട സുനാമിയില്‍ ഇന്തോനീസ്യയില്‍ 170,000 പേര്‍ ഉള്‍പ്പെടെ 220,000 പേരാണ് മരിച്ചത്. 

Tags:    

Similar News