ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനങ്ങള്‍: പിന്നില്‍ മയക്കുമരുന്ന് മാഫിയകളെന്നു ശ്രീലങ്കന്‍ പ്രസിഡന്റ്

Update: 2019-07-15 17:09 GMT

കൊളംബോ: ഇക്കഴിഞ്ഞ ഈസ്റ്ററില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ 253 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളാണെന്നു ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന.

മയക്കു മരുന്ന് മാഫിയക്കതെിരേ താനെടുത്ത നിലപാടുകള്‍ മാഫിയകളെ പ്രകോപിപ്പിച്ചിരുന്നു. ഇതിനാല്‍ തന്നെ മയക്കുമരുന്ന് മാഫിയ എന്നെ ആക്രമിക്കാനും മയക്കുമരുന്ന് വിരുദ്ധ നീക്കത്തെ നിരുല്‍സാഹപ്പെടുത്താനുമാണ് ഈ ആക്രമണം നടത്തിയത്- പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ കൊണ്ടൊന്നും തന്റെ പോരാട്ടത്തില്‍ നിന്നും തന്നെ പിന്തിരിപ്പിക്കാമെന്നു ആരും കരുതേണ്ട. ഈ രാജ്യത്തെ യുവാക്കളെയും വിദ്യാര്‍ഥികളെയും സാരമായി ബാധിച്ചു കൊണ്ടിരിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ് മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനമെന്നും സിരിസേന പറഞ്ഞു.

അതേസമയം സിരിസേനയുടെ പ്രസ്താവനക്കെതിരേ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ വക്താവ് സുദര്‍ശന ഗുണവര്‍ധന രംഗത്തെത്തി. ഈസ്റ്റര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ മയക്കുമരുന്ന് മാഫിയകളാണെന്നതിനു യാതൊരു തെളിവുമില്ല. അന്വേഷണത്തില്‍ അത്തരത്തിലൊരു കണ്ടെത്തലുമില്ല. ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ പോലിസ് അന്വേഷണം പൂര്‍ത്തിയാക്കും. അതോടെ എല്ലാം വെളിച്ചത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നൂറുകണക്കിനാളുകളെ തങ്ങള്‍ പിടികൂടിയെന്നും അന്വേഷണം പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നും പേരു വെളിപ്പെടുത്താത്ത പോലിസുദ്യോഗസ്ഥനും പറഞ്ഞു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും കൊല്ലപ്പെടുകയോ അറസ്റ്റിലാവുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റര്‍ ദിനത്തിലുണ്ടായ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ശ്രീലങ്കയില്‍ മുന്‍ പ്രതിരോധ സെക്രട്ടറിയെയും പോലിസ് മേധാവിയെയും പോലിസ് അറസ്റ്റ് ചെയതിരുന്നു. മുന്‍ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ, പോലിസ് മേധാവി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര എന്നിവരാണ് അറസ്റ്റിലായത്. ആക്രമണം സംബന്ധിച്ച് സുരക്ഷാ മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നെങ്കിലും ഇവ ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഇത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും ശ്രീലങ്കന്‍ അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഉന്നത സുരക്ഷാ സ്ഥാനം വഹിച്ചിരുന്നവരെ ചികില്‍സയില്‍ കഴിയുന്നതിനിടെ അറസ്റ്റ് ചെയ്തത്. ഹേമസിരി ഫെര്‍ണാണ്ടോയെ നാഷനല്‍ ഹോസ്പിറ്റലില്‍ നിന്നും നിര്‍ബന്ധിതാവധിയില്‍ പോയിരുന്ന പുജിത് ജയസുന്ദരയെ നരഹന്‍പിത പോലിസ് ഹോസ്പിറ്റലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്താമെന്നും അറ്റോര്‍ണി ജനറര്‍ നിയമോപദേശം നല്‍കിയിരുന്നു.

Tags:    

Similar News