വിനോദ സഞ്ചാരികളുമായി സ്‌പേസ് എക്‌സിന്റെ 'ടൂറിസ്റ്റ് പേടകം' ബഹിരാകാശത്തേക്ക്

Update: 2021-09-16 01:52 GMT

വാഷിങ്ടണ്‍ ഡിസി: വിനോദ സഞ്ചാരികളുമായി സ്‌പേസ് എക്‌സിന്റെ 'ടൂറിസ്റ്റ് പേടകം' ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. ബഹിരാകാശ വിനോദ സഞ്ചാരമെന്ന സ്വപ്‌ന പദ്ധതിയ്ക്ക് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയാണ് തുടക്കം കുറിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് വിനോദസഞ്ചാരികള്‍ മാത്രമുള്ള സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം ബഹിരാകാശത്തേക്ക് കുതിച്ചത്. നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. പേടകത്തില്‍ ബഹിരാകാശ വിദഗ്ധരല്ലാത്ത നാല് സാധാരണക്കാര്‍ മാത്രമാണുള്ളത്.

മൂന്ന് ദിവസത്തെ യാത്രയ്ക്കുശേഷം ശനിയാഴ്ച സംഘം മടങ്ങിയെത്തും. ഇന്‍സ്പിറേഷന്‍ നാല് എന്നാണ് ഈ ഉദ്യമത്തിന് പേരിട്ടിരിക്കുന്നത്. ഷിഫ്റ്റ് 4 പേമെന്റ്‌സ് സ്ഥാപകനും സിഇഒയുമായ ജാരെഡ് ഐസാക്മാന്‍, ഹാലി ആര്‍സെനോക്‌സ്, സിയാന്‍ പ്രോക്ടര്‍, ക്രിസ് സെബ്രോസ്‌കി എന്നിവരാണ് പേടകത്തിലെ യാത്രികര്‍. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇവര്‍ യാത്രയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ഡ്രാഗണ്‍ ക്രൂ പേടകം ബഹിരാകാശ നിലയത്തിലേക്ക് പോവില്ല.

പകരം വിക്ഷേപണത്തിന് ശേഷം മൂന്നുദിവസത്തോളം പേടകം ഭൂമിയെ ചുറ്റിക്കറങ്ങും. ബഹിരാകാശത്തെ കാഴ്ചകള്‍ അതിമനോഹരമായി കാണാന്‍ സാധിക്കും വിധത്തിലുള്ള ഒരു ഡോം വിന്‍ഡോയും സ്ഥാപിച്ചിട്ടുണ്ട്. മൂന്നുദിവസത്തെ യാത്രയില്‍ ഭൂമിയുടെ ഭ്രമണപഥത്തിലൂടെ നാലുപേര്‍ സ്വതന്ത്രമായി പറക്കുന്നതും 90 മിനിറ്റിലൊരിക്കല്‍ ഗ്രഹത്തെ വലയം ചെയ്യുന്നതും മൈക്രോ ഗ്രാവിറ്റിയുടെ സ്വാധീനത്തില്‍ യാത്രക്കാര്‍ ഒഴുകിനടക്കുന്നതും ഗ്രഹത്തിന്റെ വിശാലമായ കാഴ്ചകളെടുക്കുന്നതും കാണാം.

Tags: