ദക്ഷിണാഫ്രിക്കന്‍ വന്യജീവി സംരക്ഷണപ്രവര്‍ത്തകന്‍ വളര്‍ത്തുസിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

മാത്യൂസണ്‍ വളര്‍ത്തിയ വൈറ്റ് ലയണ്‍ വിഭാഗത്തില്‍പ്പെട്ട സിംഹമാണ് ആക്രമിച്ചുകൊന്നത്.

Update: 2020-08-29 06:32 GMT

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ വന്യജീവി സംരക്ഷണപ്രവര്‍ത്തകന്‍ വെസ്റ്റ് മാത്യൂസണ്‍ (66) വളര്‍ത്തുസിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. മാത്യൂസണ്‍ വളര്‍ത്തിയ വൈറ്റ് ലയണ്‍ വിഭാഗത്തില്‍പ്പെട്ട സിംഹമാണ് ആക്രമിച്ചുകൊന്നത്. വടക്കന്‍ ദക്ഷിണാഫ്രിക്കയിലെ ലിംപോപോ പ്രവിശ്യയില്‍ മാത്യൂസണിന്റെ ഉടമസ്ഥതയിലുള്ള ലയണ്‍ ട്രീ ടോപ്പ് ലോഡ്ജിനു സമീപത്തായിരുന്നു സംഭവം.

വൈറ്റ് ലയണ്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് സിംഹങ്ങളെ ചെറുപ്പകാലം മുതല്‍ സംരക്ഷിച്ച് വളര്‍ത്തിയത് അങ്കിള്‍ വെസ്റ്റ് എന്നറിയപ്പെടുന്ന വെസ്റ്റ് മാത്യൂസണ്‍ ആയിരുന്നു. ഇവയോട് മാത്യൂസണ്‍ ഏറെ അടുത്തിടപഴകുന്നതിന്റെയും ആശയവിനിമയം നടത്തുന്നതിന്റെയും കളിക്കുന്നതിന്റെയും വീഡിയോകള്‍ മുമ്പ് പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച സിംഹങ്ങള്‍ക്കൊപ്പം നടക്കവെ അപ്രതീക്ഷിതമായി ഒരു സിഹം ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. സംഭവസമയത്ത് മാത്യൂസണിന്റെ കൂടെ ഭാര്യയുമുണ്ടായിരുന്നു.

അദ്ദേഹത്തെ രക്ഷിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് മാത്യൂസണിന്റെ ഭാര്യ ഗില്‍ പറഞ്ഞു. പ്രകൃതിക്കൊപ്പം ജീവിക്കുക എന്ന സ്വപ്നമായിരുന്നു അദ്ദേഹം നയിച്ചത് എന്നത് ആശ്വാസവും സമാധാനവും നല്‍കുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തോട് ഏറ്റവും അടുപ്പമുള്ളവയായിരുന്നു സിംഹങ്ങള്‍. ഈ നഷ്ടം വലിയ വേദനയുണ്ടാക്കുന്നതാണെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിനു പിന്നാലെ സിംഹങ്ങളെ താല്‍ക്കാലിക കേന്ദ്രത്തിലേക്ക് മാറ്റി. ഇവയെ പിന്നീട് ഉചിതമായ സ്ഥലത്തേക്ക് മാറ്റുമെന്ന് കുടുംബം വ്യക്തമാക്കി. ഭാര്യയും നാല് ആണ്‍മക്കളും ആറ് പേരക്കുട്ടികളുമടങ്ങുന്നതായിരുന്നു മാത്യൂസണിന്റെ കുടുംബം. 

Tags:    

Similar News