കമ്പനിയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി ഓഹരി തട്ടിപ്പ്; അമേരിക്കയില്‍ ഏഴ് ഇന്ത്യക്കാര്‍ക്കെതിരേ കേസ്
വാഷിങ്ടണ്‍: സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഓഹരി രഹസ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ചോര്‍ത്തി നല്‍കി കോടികള്‍ സമ്പാദിച്ച ഏഴ് ഇന്ത്യക്കാരായ ജീവനക്കാര്‍ക്കെതിരേ അമേരിക്കയില്‍ കേസെടുത്തു. കമ്പനിയുടെ ഓഹരിമൂല്യം വര്‍ധിക്കുമെന്ന വിവരം മുന്‍കൂട്ടി അറിഞ്ഞ് നടത്തുന്ന ഇന്‍സൈഡര്‍ ട്രേഡിങ്ങിലൂടെ ഏഴര കോടിയോളം രൂപ ഇവര്‍ സമ്പാദിച്ചെന്നാണ് കുറ്റം. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ് കംപ്യൂട്ടിങ് വിവര വിനിമയ കമ്പനിയായ 'ട്വിലിയോ'യിലാണ് തട്ടിപ്പ് നടന്നത്. കമ്പനിയിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായ ഹരിപ്രസാദ് സുരേ (34), ലോകേഷ് ലഗുഡു (31), ചോട്ടു പ്രഭു തേജ് പുളഗം (29) എന്നീ സുഹൃത്തുക്കളാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്.
2020 മാര്‍ച്ചില്‍ കൊവിഡിന്റെ തുടക്കത്തില്‍ ട്വിലിയോയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരുന്നു. ഇതെത്തുടര്‍ന്നു ഓഹരി മൂല്യം വര്‍ധിക്കുമെന്ന വിവരം മുന്‍കൂട്ടി അറിഞ്ഞ എന്‍ജിനീയര്‍മാര്‍ സുഹൃത്തുക്കള്‍ക്ക് ചോര്‍ത്തിനല്‍കുകയായിരുന്നുവെന്ന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ അറിയിച്ചു. കമ്പനിയിലെ എന്‍ജിനീയറായ സുരെ തന്റെ ഉറ്റ സുഹൃത്ത് ദിലീപ് കുമാര്‍ റെഡ്ഡി കമുജുല (35)യ്ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതായി പരാതിയില്‍ പറയുന്നു. കൂടാതെ മറ്റൊരു എന്‍ജിനീയര്‍ ലഗുഡുവിനൊപ്പം താമസിച്ചിരുന്ന കാമുകി സായ് നെക്കലപ്പുടി (30), അടുത്ത സുഹൃത്ത് അഭിഷേക് ധര്‍മപുരിക്കര്‍ (33) എന്നിവവര്‍ക്കും വിവരങ്ങള്‍ കൈമാറി.
കൂടാതെ പുളഗം തന്റെ സഹോദരന്‍ ചേതന്‍ പ്രഭു പുളഗത്തിനാണ് (31) കോടികള്‍ സമ്പാദിക്കാനായി രഹസ്യങ്ങള്‍ കൈമാറിയത്. ഏഴ് പ്രതികളും കാലഫോര്‍ണിയയിലാണ് താമസിക്കുന്നത്. കാലഫോര്‍ണിയയിലെ വടക്കന്‍ ജില്ലയില്‍ ഫയല്‍ ചെയ്ത കേസില്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് നിയമത്തിലെ ആന്റിഫ്രോഡ് വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ഓരോ പ്രതികള്‍ക്കെതിരെയും കുറ്റം ചുമത്തിയത്. വടക്കന്‍ കാലഫോര്‍ണിയയിലെ യുഎസ് അറ്റോര്‍ണി ഓഫിസും കമുജുലയ്‌ക്കെതിരേ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
