കൊറോണ: സൗദിയില്‍ സ്‌കൂളുകള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി

സൗദി അറേബ്യയില്‍ രോഗബാധിതരുടെ എണ്ണം 11 ആയി. രോഗം സ്ഥിരീകരിച്ച 11 പേരും ഒരേ മേഖലയില്‍നിന്നുള്ളവരായതിനാല്‍ ഈ പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവരെത്തുന്നത് താല്‍ക്കാലികമായി വിലക്കി.

Update: 2020-03-09 01:27 GMT

റിയാദ്: കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദി അറേബ്യയിലെ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും തിങ്കളാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ വിദ്യാലയങ്ങള്‍ താല്‍ക്കാലികമായി അടക്കുകയാണെന്ന് വിദ്യഭ്യാസമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. അവധി നല്‍കിയ നടപടി എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും സാങ്കേതിക, തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ക്കും ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും ബാധകമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്വകാര്യസ്‌കൂളുകള്‍ ഇതിനകം അവധി അറിയിപ്പ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അയച്ചിട്ടുണ്ട്.

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ കാര്യം തിങ്കളാഴ്ച ഉന്നത അധികൃതരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൗക്കത്ത് പര്‍വേസ് അറിയിച്ചു. സൗദി അറേബ്യയില്‍ നാലുപേര്‍ക്കുകൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സൗദി അറേബ്യയില്‍ രോഗബാധിതരുടെ എണ്ണം 11 ആയി. രോഗം സ്ഥിരീകരിച്ച 11 പേരും ഒരേ മേഖലയില്‍നിന്നുള്ളവരായതിനാല്‍ ഈ പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവരെത്തുന്നത് താല്‍ക്കാലികമായി വിലക്കി. രോഗം ബാധിച്ച 11 പേരും കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍നിന്നുള്ളവരായതിനാല്‍ ഇവിടേക്ക് വരുന്നതിനും പുറത്തുപോവുന്നതിനും താത്കാലിക വിലക്കേര്‍പ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

എന്നാല്‍, നിലവില്‍ ഖത്തീഫിന് പുറത്തുള്ള ഇവിടുത്തെ താമസക്കാര്‍ക്ക് തിരിച്ച് വീട്ടിലേക്ക് വരുന്നതിന് തടസമില്ല. രോഗബാധ തടയാനായി വാണിജ്യകേന്ദ്രങ്ങളും ഷോപ്പിങ് മാളുകളും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. ട്രോളികള്‍ അണുവിമുക്തമാക്കുന്നതിനും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ഉപയോഗത്തിനായി അണുനശീകരണ സംവിധാനം ഒരുക്കുന്നതിനും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് റിയാദ് നഗരസഭ നിര്‍ദേശം നല്‍കി. 

Similar News