സല്‍മാന്‍ ഖാനെ പാകിസ്താന്‍ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല: പാക് സര്‍ക്കാര്‍
ഇസ് ലാമാബാദ്: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ പാകിസ്താന്‍ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് പാക് സര്‍ക്കാര്‍. പാകിസ്താന്റെ വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഈ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കിയത്. ബലൂചിസ്താനെയും പാകിസ്താനെയും വേറെ വേറെയായി പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് സല്‍മാന്‍ ഖാനെ ഭീരവാദികളുടെ പട്ടികയിലുള്‍പ്പെടുത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് തെറ്റായ വിവരമാണെന്നും ഔദ്യോഗികമായി അങ്ങനെയൊരു പട്ടികയില്‍ സല്‍മാന്‍ ഖാനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പാകിസ്താന്റെ വാര്‍ത്താവിനിമയ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിക്കുകയായിരുന്നു. മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫാക്ട്-ചെക്കിങ് ടീം ട്വിറ്ററിലാണ് വ്യക്തതയുമായി രംഗത്തെത്തിയത്. സല്‍മാന്‍ ഖാന്‍ ഭീകരവാദ നിരീക്ഷണ പട്ടികയിലാണെന്ന വാര്‍ത്തകള്‍ അടങ്ങിയ ഒരു വാര്‍ത്താ തലക്കെട്ടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രതികരണം.
'സല്‍മാന്‍ ഖാന്‍ ബലൂചിസ്ഥാനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് പാകിസ്താന്റെ 'നാലാം ഷെഡ്യൂളിന്' കീഴില്‍ തീവ്രവാദ വിരുദ്ധ നിയമപ്രകാരം ഭീകരവാദിയായി പ്രഖ്യാപിക്കപ്പെട്ടു, കൂടാതെ 'ഭീകരവാദ സഹായി' എന്നും മുദ്രകുത്തിയിരിക്കുന്നു. (ഇന്ത്യ ടുഡേയും മറ്റ് ഇന്ത്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്).' എന്നായിരുന്നു വാര്‍ത്തയിലെ പ്രധാന ഭാഗം. എന്നാല്‍, പാകിസ്താന്‍ മന്ത്രാലയം ഇത് നിഷേധിച്ചു.
'നാഷണല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റിയുടെ നിരോധിത വ്യക്തികളുടെ പേജിലോ ആഭ്യന്തര മന്ത്രാലയത്തിന്റെയോ / പ്രൊവിന്‍ഷ്യല്‍ ഹോം ഡിപ്പാര്‍ട്ട്മെന്റിന്റെയോ ഗസറ്റിലോ സല്‍മാന്‍ ഖാനെ നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയതായുള്ള പാക് സര്‍ക്കാരിന്റെ പ്രസ്താവനയോ അറിയിപ്പോ രേഖയോ ഉണ്ടായിട്ടില്ല''. അതുകൊണ്ട് തന്നെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വ്യാജമാണെന്നാണ് പാക് മന്ത്രാലയത്തിന്റെ വിശദീകരണം. ലഭ്യമായ എല്ലാ റിപ്പോര്‍ട്ടുകളും ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നുള്ളതാണ്. അവര്‍ ഈ ആരോപണം ആവര്‍ത്തിക്കുകയാണ്. എന്നാല്‍, പാകിസ്താന്റെ ഔദ്യോഗിക നിരീക്ഷണ പട്ടികയിലോ ഔദ്യോഗിക പ്രഖ്യാപനത്തിലോ ഇതിന് യാതൊരു തെളിവുമില്ല. എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ മാസം ആദ്യം സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ജോയ് ഫോറം 2025-ല്‍ സല്‍മാന്‍ ഖാന്‍ പങ്കെടുത്തിരുന്നു. അവിടെ ഷാരൂഖ് ഖാനും ആമിര്‍ ഖാനും ഒപ്പം അദ്ദേഹം വേദി പങ്കിട്ടു. മിഡില്‍ ഈസ്റ്റില്‍ ഇന്ത്യന്‍ സിനിമകള്‍ക്കുള്ള സ്വീകാര്യതയെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. 'ഇപ്പോള്‍, നിങ്ങള്‍ ഒരു ഹിന്ദി സിനിമ നിര്‍മ്മിച്ച് ഇവിടെ (സൗദി അറേബ്യയില്‍) റിലീസ് ചെയ്താല്‍ അത് സൂപ്പര്‍ഹിറ്റാകും. നിങ്ങള്‍ ഒരു തമിഴ്, തെലുങ്ക്, അല്ലെങ്കില്‍ മലയാളം സിനിമ നിര്‍മിച്ചാല്‍ അത് നൂറുകണക്കിന് കോടി ബിസിനസ്സ് നേടും. കാരണം ഇവിടെ ധാരാളം വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ബലൂചിസ്താനില്‍ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്താനില്‍ നിന്നുള്ളവരുണ്ട്, പാകിസ്താനില്‍ നിന്നുള്ളവരുണ്ട്... എല്ലാവരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.' ഇതായിരുന്നു അദ്ദേഹം പറഞ്ഞത്.

