റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ അസര്‍ബൈജാന്‍ വെടിവച്ചിട്ടു, രണ്ടുമരണം

അര്‍മേനിയന്‍ അതിര്‍ത്തിയില്‍ പറക്കുകയായിരുന്ന എംഐ 24 ഹെലികോപ്റ്ററാണ് അസര്‍ബൈജാന്‍ വെടിവച്ചിട്ടതെന്നാണ് റിപോര്‍ട്ട്.

Update: 2020-11-10 01:44 GMT

മോസ്‌കോ: റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ അസര്‍ബൈജാന്‍ വെടിവച്ചിട്ടു. സംഭവത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ടുപേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. അര്‍മേനിയന്‍ അതിര്‍ത്തിയില്‍ പറക്കുകയായിരുന്ന എംഐ 24 ഹെലികോപ്റ്ററാണ് അസര്‍ബൈജാന്‍ വെടിവച്ചിട്ടതെന്നാണ് റിപോര്‍ട്ട്.

സംഭവത്തില്‍ വിശദീകരണവുമായി അസര്‍ബൈജാന്‍ രംഗത്തെത്തി. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് അസര്‍ബൈജാന്‍ അറിയിച്ചു. അര്‍മേനിയന്‍ അതിര്‍ത്തിയില്‍ പറക്കുകയായിരുന്ന റഷ്യന്‍ ഹെലികോപ്റ്റര്‍ സൈന്യം വെടിവച്ചിട്ടതായും മോസ്‌കോയോട് മാപ്പ് പറഞ്ഞതായും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്നും അസര്‍ബൈജാന്‍ അറിയിച്ചതായാണ് റിപോര്‍ട്ടുകള്‍.

ഇതൊരു അപകടമാണെന്നും മോസ്‌കോയം ലക്ഷ്യമിട്ടുള്ളതല്ലെന്നും അസര്‍ബൈജാന്‍ വിദേശകാര്യമന്ത്രാലയം ഇറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു. കൈകൊണ്ട് വിക്ഷേപിക്കാവുന്ന വ്യോമപ്രതിരോധസംവിധാനം ഉപയോഗിച്ചാണ് എംഐ 24 ഹെലികോപ്റ്റര്‍ തകര്‍ത്തതെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.

Tags: