സംഘർഷത്തിന് അയവ് വരുത്തുന്ന നടപടിയുമായി റഷ്യ; ഉക്രൈൻ അതിര്‍ത്തിയില്‍നിന്ന് കുറച്ച് സൈനികരെ പിന്‍വലിക്കുന്നു
റഷ്യയുടെ സുരക്ഷാ ആവശ്യങ്ങളെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങളുമായി സംസാരിക്കുന്നത് തുടരാന്‍ പ്രസിഡന്റ് വ്ളാദമിര്‍ പുടിനെ ഉന്നത നയതന്ത്രജ്ഞന്‍ നേരത്തെ ഉപദേശിച്ചിരുന്നു.
കീവ്: ഉക്രൈനുമായുള്ള സംഘര്‍ഷ സാധ്യതയില്‍ അയവ് വരുത്തുന്ന സുപ്രധാന ചുവടുവയ്പുമായി റഷ്യ. ഉക്രൈന്‍ അതിര്‍ത്തിക്കു സമീപം വിന്യസിച്ച സൈനികരില്‍ കുറച്ചുപേരെ അവരുടെ താവളങ്ങളിലേക്ക് പിന്‍വലിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. രാജ്യം സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം ക്രെംലിനും സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപോര്‍ട്ട് ചെയ്തു. അതിര്‍ത്തിക്കുസമീപം 1,30,000 സൈനികരെയാണ് റഷ്യ വിന്യസിച്ചത്.
റഷ്യയുടെ സുരക്ഷാ ആവശ്യങ്ങളെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങളുമായി സംസാരിക്കുന്നത് തുടരാന്‍ പ്രസിഡന്റ് വ്ളാദമിര്‍ പുടിനെ ഉന്നത നയതന്ത്രജ്ഞന്‍ നേരത്തെ ഉപദേശിച്ചിരുന്നു. ഉക്രൈനിലെ ആസന്നമായ റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള യുഎസ് മുന്നറിയിപ്പുകള്‍ക്കിടയില്‍ നയതന്ത്ര ശ്രമങ്ങള്‍ തുടരാന്‍ ഉദ്ദേശിക്കുന്നുവെന്നാണ് ക്രെംലിനില്‍ നിന്നുള്ള സൂചന.
ഉക്രൈനെയും മറ്റു മുന്‍ സോവിയറ്റ് രാജ്യങ്ങളെയും നാറ്റോയില്‍ അംഗങ്ങളാവാന്‍ അനുവദിക്കില്ലെന്ന ഉറപ്പ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് റഷ്യ ആഗ്രഹിക്കുന്നു. അതുപോലെ സഖ്യം ഉക്രൈനിലേക്കുള്ള ആയുധവിന്യാസം നിര്‍ത്തി കിഴക്കന്‍ യൂറോപ്പില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന ഉറപ്പും ലഭിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നു. ഈ ആവശ്യങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നിരസിച്ചിരുന്നു. ഏത് അധിനിവേശത്തിനും റഷ്യ കനത്ത വില നല്‍കുമെന്ന് യുഎസും അതിന്റെ നാറ്റോ സഖ്യകക്ഷികളും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.