'അമേരിക്കയും ഇസ്രായേലും അറബ് രാജ്യങ്ങളെ ബോധപൂര്‍വം യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നു'; റഷ്യന്‍ വിദേശകാര്യ മന്ത്രാലയം
മോസ്‌കോ: പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്രായേലും ഇറാനെതിരായ ആക്രമണങ്ങളിലൂടെ അറബ് രാജ്യങ്ങളെ ബോധപൂര്‍വം യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നും ഇറാനെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്നത് മാത്രമാണ് മേഖലയിലെ അസ്ഥിരത ഒഴിവാക്കാനുള്ള ഏക മാര്‍ഗമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇറാനെ പ്രകോപിപ്പിച്ച് ചില അറബ് രാജ്യങ്ങളിലെ ലക്ഷ്യങ്ങള്‍ക്കെതിരേ പ്രതികാര നടപടികളിലേക്ക് അവരെ എത്തിക്കുകയാണ് വാഷിങ്ടണും തെല്‍ അവീവും ചെയ്യുന്നത്. ഇത് വലിയ തോതിലുള്ള ജീവഹാനിക്കും ഭൗതിക നഷ്ടങ്ങള്‍ക്കും കാരണമായതില്‍ റഷ്യ അഗാധമായ ഖേദം രേഖപ്പെടുത്തി. സ്വന്തം അജണ്ടകള്‍ നടപ്പിലാക്കുന്നതിനായി അറബ് ജനതയെ മറ്റൊരു യുദ്ധത്തിലേക്ക് തള്ളിവിടാനാണ് പാശ്ചാത്യ ശക്തികളുടെ ശ്രമമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.