ഇറാനെതിരായ പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ പരാജയപ്പെട്ടു; ഇറാന് വേണ്ടി വീറ്റോ ഉപയോഗിച്ച് ചൈനയും റഷ്യയും

Update: 2026-04-07 18:01 GMT

ജനീവ: ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച നിര്‍ണ്ണായക പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ 15 അംഗങ്ങളില്‍ 11 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ പാക്കിസ്ഥാനും കൊളംബിയയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രമേയം പാസാക്കാന്‍ ആവശ്യമായ ഒന്‍പത് വോട്ടുകള്‍ ലഭിച്ചെങ്കിലും സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും തങ്ങളുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഇതിനെ അട്ടിമറിക്കുകയായിരുന്നു. ഇതോടെ ഇറാനുമായുള്ള ഏറ്റുമുട്ടലില്‍ അന്താരാഷ്ട്ര തലത്തില്‍ നയതന്ത്രപരമായ നീക്കം നടത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റു.

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സൈനിക ശക്തി ഉപയോഗിക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് അനുമതി നല്‍കുന്ന ആര്‍ട്ടിക്കിള്‍ ഏഴ് ഉള്‍പ്പെടുത്തിയാണ് പ്രമേയം ആദ്യം തയ്യാറാക്കിയിരുന്നത്. എന്നാല്‍ റഷ്യയും ചൈനയും ഇതിനെ ശക്തമായി എതിര്‍ത്തതോടെ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രമേയത്തിന്റെ ഭാഷയില്‍ മാറ്റം വരുത്തി. സമുദ്ര വ്യാപാര പാതകളുടെ സുരക്ഷയ്ക്കായി പ്രതിരോധപരമായ രീതിയില്‍ രാജ്യങ്ങള്‍ സഹകരിക്കണമെന്ന മിതമായ നിര്‍ദ്ദേശമാണ് ഒടുവില്‍ വോട്ടിന് എടുത്തത്. സൈനിക നടപടി എന്ന കര്‍ശനമായ നീക്കത്തില്‍ നിന്ന് വിട്ടുനിന്നിട്ടും റഷ്യയും ചൈനയും ഇതിനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല.

റഷ്യയുടെയും ചൈനയുടെയും വിട്ടുനില്‍ക്കല്‍ ഉറപ്പാക്കി പ്രമേയം പാസാക്കാമെന്ന ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രതീക്ഷകള്‍ ഇതോടെ അസ്തമിച്ചു. ഈ വീറ്റോയിലൂടെ തങ്ങള്‍ ഇറാന്റെ ശക്തരായ സഖ്യകക്ഷികളാണെന്ന് ഇരുരാജ്യങ്ങളും ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. പ്രമേയത്തില്‍ ഇറാനെതിരെയുള്ള പരാമര്‍ശങ്ങള്‍ അതിരൂക്ഷമാണെന്നാണ് റഷ്യയും ചൈനയും ആരോപിക്കുന്നത്. രക്ഷാസമിതിയിലെ ഈ ചേരിതിരിവ് പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.