ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ ഇറാനില്‍നിന്നു തട്ടിക്കൊണ്ടുപോകാന്‍ പാക്ക് ചാരസംഘടന ഐഎസ്‌ഐയെ സഹായിച്ചെന്നു കരുതപ്പെടുന്ന മതപണ്ഡിതന്‍ മുഫ്തി ഷാ മിര്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ തുര്‍ബത്തിലെ ഒരു പള്ളിയില്‍ നിന്ന് രാത്രി പ്രാര്‍ഥന കഴിഞ്ഞ് മടങ്ങവേ ബൈക്കിലെത്തിയ അജ്ഞാതര്‍ പലവട്ടം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ജാമിയത്ത് ഉലമ-ഇ-ഇസ്ലാമിന്റെ പ്രവര്‍ത്തകനായിരുന്ന മുഫ്തിക്ക് ഐഎസ്‌ഐയുമായി അടുപ്പമുണ്ടായിരുന്നെന്നും ആയുധക്കടത്തും മനുഷ്യക്കടത്തുമായി ബന്ധമുണ്ടായിരുന്നെന്നും പാക്ക് ഭീകരരെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ സഹായിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍പും മുഫ്തി ഷാ മിറിനു നേരെ ആക്രമണം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.