അസര്‍ബയ്ജാന്‍ വിമാനാപകടത്തില്‍ മാപ്പ് ചോദിച്ച് പുടിന്‍

Update: 2024-12-28 16:13 GMT

മോസ്‌കോ: റഷ്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സിന്റെ യാത്രവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. വിമാനം റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടതാണെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ക്ഷമപറഞ്ഞ് പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. 'റഷ്യന്‍ വ്യോമപരിധിക്കുള്ളില്‍ നടന്ന ദാരുണമായ സംഭവത്തില്‍ പുടിന്‍ ക്ഷമ ചോദിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു, പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നു' എന്ന് ക്രെംലിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

'ഷെഡ്യൂള്‍ അനുസരിച്ച് യാത്ര ചെയ്തിരുന്ന അസര്‍ബയ്ജാനി പാസഞ്ചര്‍ വിമാനം ഗ്രോസ്‌നി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് ഗ്രോസ്‌നി, മോസ്‌ഡോക്ക്, വ്‌ളാഡികാവ്കാസ് എന്നീ വിമാനത്താവളങ്ങളില്‍ യുെ്രെകന്റെ ഡ്രോണുകള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയായിരുന്നു. റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം ഇത് ചെറുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് ക്രെംലിന്‍ വിശദീകരിക്കുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റഷ്യന്‍ വ്യോമതിര്‍ത്തിക്കുള്ളില്‍ അക്താകുവില്‍ J28243 വിമാനം തകര്‍ന്നുവീണത്. പൈലറ്റും സഹ പൈലറ്റുമുള്‍പ്പെടെ 38 പേര്‍ അപകടത്തില്‍ മരിച്ചു, 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ച് ജീവനക്കാരുള്‍പ്പെടെ 67 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അസര്‍ബയ്ജാന്റെ തലസ്ഥാനമായ ബാക്കുവില്‍നിന്ന് റഷ്യന്‍ നഗരമായ ഗ്രോസ്‌നിയിലേക്കു പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി അക്താവുവിലേക്ക് തിരിച്ചുവിടുകയായിരുന്നു.





Tags: