റോഹിങ്ക്യന്‍ കൂട്ടക്കൊല; തടവിലാക്കപ്പെട്ട രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്കു പുലിറ്റ്‌സര്‍

Update: 2019-04-17 09:44 GMT

ന്യൂയോര്‍ക്ക്: മ്യാന്‍മറിലെ തടവറയില്‍ കഴിയുന്ന രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ പുലിറ്റ്‌സര്‍ പുരസ്‌കരത്തിന് അര്‍ഹരായി. മ്യാന്‍മര്‍ സ്വദേശികളായ വാ ലോണ്‍, ക്യാവ് സോവൂ എന്നീ റോയിട്ടേഴ്‌സ് ലേഖകരാണ് പുരസ്‌കരത്തിന് അര്‍ഹരായത്. മ്യാന്‍മറില്‍ 10 റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ ഗ്രാമീണരും സൈന്യവും ചേര്‍ന്ന് കൊലപ്പെടുത്തിയതു വെളിച്ചത്തുകൊണ്ടുവന്ന ലേഖനപരമ്പരകള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. 10 റോഹിന്‍ഗ്യരെ പിടികൂടുകയും പിന്നീട് അവരെ വെടിവച്ചുകൊന്നതിന്റെയും ചിത്രങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗ്രാമീണരില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കവെ അവര്‍ അറസ്റ്റിലാവുകയായിരുന്നു. 7 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് സഹപ്രവര്‍ത്തകരായ സൈമണ്‍ ലെവിസ്, അന്റോണി സ്ലോഡ്‌കോവ്‌സ്‌കി എന്നിവരാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി പ്രസിദ്ധീകരിച്ചത്.

ഇതുകൂടാതെ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് യുഎസിലേക്ക് പലായനം ചെയ്‌തെത്തുന്ന അഭയാര്‍ഥികളുടെ ചിത്രങ്ങള്‍ക്ക് ഫോട്ടോഗ്രഫി വിഭാഗത്തിലെ പുരസ്‌കാരത്തിനും റോയിട്ടേഴ്‌സ് അര്‍ഹത നേടി.