പ്രമുഖ ഉപഭോക്തൃ പ്രവര്‍ത്തകന്‍ എസ് എം ഇദ്‌രീസ് അന്തരിച്ചു

Update: 2019-05-17 16:08 GMT

ജോര്‍ജ് ടൗണ്‍: മലേസ്യയിലെ പ്രമുഖ ഉപഭോക്തൃ അവകാശ പ്രവര്‍ത്തകന്‍ എസ് എം ഇദ്‌രീസ് അന്തരിച്ചു. 93 വയസായിരുന്നു. പെനാങ് കണ്‍സ്യൂമര്‍ അസോസിയേഷന്‍(സിഎപി) അധ്യക്ഷനായിരുന്ന അദ്ദേഹം ഇന്ന് വൈകീട്ട് ഗെനീഗ്ള്‍സ് മെഡിക്കല്‍ സെന്ററിലാണ് മരിച്ചത്.

പെനാങില്‍ മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറായ അദ്ദേഹം 1926 ഡിസംബര്‍ 6ന് തമിഴ്‌നാട്ടിലാണ് ജനിച്ചത്. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പെനാങ് ക്രിസ്ത്യന്‍ മിഷനറി സ്‌കൂളിലാണ് വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് പിതാവ് എസ് എം മുഹമ്മദ് റാവുത്തറുടെ ഷിപ്പിങ് കമ്പനിയില്‍ ചേര്‍ന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് ജാപ്പനീസ് അധിനിവേശ കാലത്ത്, ഇദ്‌രീസ് കമ്പനിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഷിപ്പിങ് തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പെനാങ് ലൈറ്റേഴ്‌സ് അസോസിയേഷന്‍ എന്ന യൂനിയന് തുടക്കം കുറിച്ചത് ഇക്കാലത്താണ്. ഉപഭോക്തൃ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1969ലാണ് സിഎപിയുടെ നേതൃസ്ഥാനത്തെത്തിയത്. തുടര്‍ന്ന് മലേസ്യയിലെ തന്നെ ഏറ്റവും സജീവമായ ഉപഭോക്തൃ സംഘടനയായി സിഎപി മാറി. സിഎപിക്ക് പുറമേ പരിസ്ഥിതി സംഘടനയായ സഹാബത്ത് ആലം മലേസ്യ, ഇന്‍സ്റ്റിറ്റിയൂട്ട് മസ്യാറകാത്ത്, തേഡ് വേള്‍ഡ് നെറ്റ്‌വര്‍ക്ക്, സിറ്റീസണ്‍സ് ഇന്റര്‍നാഷനല്‍ തുടങ്ങിയ സംഘടനകള്‍ക്കും അദ്ദേഹം രൂപം നല്‍കി.

മലേസ്യയില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെട്ട പരിസ്ഥിതി, ഉപഭോക്്തൃ പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് ഇദ്‌രീസ് എന്ന് സിഎപി സെക്രട്ടറി ദാത്തോ അന്‍വര്‍ ഫസല്‍ പറഞ്ഞു. നാളെ രാവിലെ ജലാന്‍ പെറാക്കിലെ ഹാഷിം യഹ്യ മസ്ജിദില്‍ ഖബറടക്കം നടക്കും. 

Tags:    

Similar News