ധീരമായി പോരാടുന്ന ജനങ്ങള്‍ക്കൊപ്പം; യുക്രെയ്‌നെ പിന്തുണച്ച് വില്യം രാജകുമാരന്‍

Update: 2022-02-27 02:32 GMT

ലണ്ടന്‍: യുക്രെയ്‌നെ പരസ്യമായി പിന്തുണച്ച് വില്യം രാജകുമാരന്റെ ട്വിറ്റ്. റഷ്യയുടെ അധിനിവേശത്തിനെതിരേ ധീരമായി പോരാടുന്ന യുക്രെയ്‌നിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നതായി ബ്രിട്ടനിലെ വില്യം രാജകുമാരനും പത്‌നി കേറ്റ് മിഡില്‍ടണും. രാഷ്ട്രീയ വിഷയങ്ങളില്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നുണ്ടാവുന്ന അപൂര്‍വമായ അഭിപ്രായമാണിത്. നിഷ്പക്ഷത പാലിക്കണമെന്ന ഭരണഘടനാ മാനദണ്ഡത്തില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ രാജകുടുംബം അഭിപ്രായം പറയാറില്ല.

'യുക്രെയ്‌നിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെയും ശുഭാപ്തിവിശ്വാസത്തെയും കുറിച്ച് പഠിക്കാന്‍, 2020 ഒക്ടോബറില്‍ പ്രസിഡന്റ് സെലന്‍സ്‌കിയെയും പ്രഥമ വനിതയെയും കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ലഭിച്ചു. ഇന്ന് പ്രസിഡന്റും യുക്രെയ്ന്‍ ജനതയും ആ ഭാവിക്കായി ധീരമായി പോരാടുമ്പോള്‍ ഞങ്ങള്‍ അവര്‍ക്കൊപ്പമാണ്.'- എലിസബത്ത് രാജ്ഞിയുടെ ചെറുമകന്‍ വില്യമും കേറ്റും ട്വിറ്ററില്‍ കുറിച്ചു. ഉക്രെയ്ന്‍ പതാകയുടെ ഒരു ഇമോജിയും അവരുടെ ഇനീഷ്യലുകളും ('W & C') ഉപയോഗിച്ചാണ് അവര്‍ പോസ്റ്റ് അവസാനിപ്പിച്ചത്.

Tags: