മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം; അഞ്ചുമരണം, സുനാമി മുന്നറിയിപ്പ്

ഭൂചലനത്തെത്തുടര്‍ന്നുണ്ടായ ശക്തമായ പ്രകമ്പനത്തില്‍ മെക്സിക്കോ സിറ്റിയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ചില സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധവും നിലച്ചു. ആയിരക്കണക്കിനാളുകളാണ് പരിഭ്രാന്തരായി വീടുകള്‍ ഉപേക്ഷിച്ച് തെരുവുകളിലേക്ക് ഓടിയത്.

Update: 2020-06-24 06:11 GMT

മെക്‌സിക്കോ സിറ്റി: തെക്കന്‍ മെക്‌സിക്കോ റിസോര്‍ട്ടായ ഹുവാറ്റുല്‍കോയ്ക്ക് സമീപമുണ്ടായ ശക്തമായ ഭൂചലനത്തില്‍ കുറഞ്ഞത് അഞ്ചുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പാദേശിക സമയം രാവിലെ 10.30നായിരുന്നു സംഭവം. ഭൂചലനത്തെത്തുടര്‍ന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വകുപ്പ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തെത്തുടര്‍ന്നുണ്ടായ ശക്തമായ പ്രകമ്പനത്തില്‍ മെക്‌സിക്കോ സിറ്റിയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വീടുകളുടെ ജനാലകളും മതിലുകളും തകര്‍ന്നുവീണു.

ചില സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധവും നിലച്ചു. ആയിരക്കണക്കിനാളുകളാണ് പരിഭ്രാന്തരായി വീടുകള്‍ ഉപേക്ഷിച്ച് തെരുവുകളിലേക്ക് ഓടിയത്. ഓക്സാക്കയിലെ ഹുവാറ്റുല്‍കോയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ അറിയിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപോര്‍ട്ട് ചെയ്തു. വീടുതകര്‍ന്നാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടതെന്ന് ഓക്സാക്ക ഗവര്‍ണര്‍ അലജാന്‍ഡ്രോ മുറാത്ത് പറഞ്ഞു. സര്‍ക്കാര്‍ എണ്ണക്കമ്പനിയായ പെമെക്‌സിലെ ഒരു തൊഴിലാളി ഒരു റിഫൈനറിയിലുണ്ടായ അപകടത്തിലാണ് മരിച്ചത്.

ഓക്‌സാക്ക ഗ്രാമത്തില്‍ ഒരാള്‍ മതില്‍ വീണു മരിക്കുകയും ചെയ്തിട്ടുണ്ട്. ഫെഡറല്‍ സിവില്‍ ഡിഫന്‍സ് അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭൂചലനത്തെത്തുടര്‍ന്ന് പസഫിക് തീരനഗരമായ സലീന ക്രൂസിലെ റിഫൈനറിയില്‍ തീപ്പിടിത്തമുണ്ടായി. ഒരു തൊഴിലാളിക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തകര്‍ പെട്ടെന്ന് തീയണച്ചതിനാല്‍ കൂടുതല്‍ ദുരന്തമുണ്ടായില്ലെന്നാണ് റിപോര്‍ട്ട്. ഭൂകമ്പത്തില്‍ പള്ളികള്‍ക്കും പാലങ്ങള്‍ക്കും ദേശീയപാതകള്‍ക്കും നാശനഷ്ടമുണ്ടായി. ശക്തമായ ഭൂചലനത്തിന് പിന്നാലെ 140 ലധികം ചെറിയ ചലനങ്ങളുണ്ടായതായി റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ കെട്ടിടങ്ങളില്‍നിന്ന് താമസക്കാരോട് പുറത്തുകടക്കാനുള്ള മുന്നറിയിപ്പായി സീസ്മിക് അലാറങ്ങള്‍ മുഴക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പോലിസ് പട്രോളിങ് സംഘവും സജ്ജമായി. മെക്‌സിക്കോ നഗരത്തിന് മുകളിലൂടെ ഹെലികോപ്റ്ററുകള്‍ പറന്നുയര്‍ന്നു. ഭൂകമ്പത്തിനുശേഷവും തലസ്ഥാനത്തിന്റെ ചില സമീപപ്രദേശങ്ങളിലെ തെരുവുകളിലും നടപ്പാതകളിലും ആളുകള്‍ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. കൊവിഡ് മുന്നറിയിപ്പുണ്ടെങ്കിലും പലരും മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് തെരുവുകളില്‍ തടിച്ചുകൂടിയത്.

ഗ്വാട്ടിമാലയിലെ ദേശീയ ദുരന്തനിവാരണ ഏജന്‍സി തെക്കന്‍ പസഫിക് തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളെത്തുമെന്ന് പ്രവചിക്കുന്നു. ആളുകള്‍ കടലില്‍ പോവരുതെന്നും അറിയിച്ചിട്ടുണ്ട്. മെക്‌സിക്കോയുടെ തീരങ്ങളില്‍ മൂന്ന് മുതല്‍ 10 അടി വരെ തിരമാലകളുണ്ടാവുമെന്ന് യുഎസ് നാഷനല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ പ്രവചിക്കുന്നു. മധ്യ അമേരിക്ക, പെറു, ഇക്വഡോര്‍ എന്നിവിടങ്ങളിലും തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. 

Tags: