ഇന്ത്യന്‍ മുസ്‌ലിംകള്‍ വംശഹത്യാ ഭീഷണി നേരിടുന്നുവെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ ഉപദേഷ്ടാവ്

ഇന്ത്യന്‍ മുസ്‌ലിംകളെ ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍നിന്ന് ഒഴിവാക്കല്‍, സിഎഎ വിരുദ്ധപ്രക്ഷോഭകര്‍ക്കെതിരായ അതിക്രമങ്ങള്‍, വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച് മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുക്കള്‍ക്കിടയില്‍ വികാരമുണ്ടാക്കുക, ആക്രമണങ്ങള്‍, ഇരകളാക്കപ്പെടല്‍ എന്നിവയെല്ലാമാണ് വംശഹത്യയുടെ നേര്‍സാക്ഷ്യങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

Update: 2020-05-22 09:03 GMT

ജനീവ: ഇന്ത്യയിലെ മുസ്‌ലിംകള്‍ വംശഹത്യാഭീഷണി നേരിടാനുള്ള സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ ഉപദേഷ്ടാവ് അദാമ ദിയോങ്. യുഎന്‍ സെക്രട്ടറി ജനറലിന് കീഴില്‍ വംശഹത്യ തടയുന്നത് സംബന്ധമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക ഉപദേഷ്ടാവാണ് അദ്ദേഹം. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തുന്ന വിദ്വേഷപ്രചാരണങ്ങള്‍ക്കെതിരേ വാര്‍ത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യന്‍ മുസ്‌ലിംകളെ ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍നിന്ന് ഒഴിവാക്കല്‍, സിഎഎ വിരുദ്ധപ്രക്ഷോഭകര്‍ക്കെതിരായ അതിക്രമങ്ങള്‍, വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച് മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുക്കള്‍ക്കിടയില്‍ വികാരമുണ്ടാക്കുക, ആക്രമണങ്ങള്‍, ഇരകളാക്കപ്പെടല്‍ എന്നിവയെല്ലാമാണ് വംശഹത്യയുടെ നേര്‍സാക്ഷ്യങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

2019 ഡിസംബറില്‍ പൗരത്വ ഭേദഗതി നിയമം പാസാക്കിയത് മുതല്‍ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ നടക്കുന്ന വിദ്വേഷപ്രചാരണങ്ങളും വിവേചനം നേരിടല്‍ സംബന്ധിച്ചുമുള്ള റിപോര്‍ട്ടുകളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ പീഡനമനുഭവക്കുന്ന ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍, ജൈനന്‍മാര്‍, പാര്‍സികള്‍, സിഖുകാര്‍ എന്നിവരുടെ പൗരത്വ പ്രക്രിയ ഈ നിയമം ത്വരിതപ്പെടുത്തുന്നു. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയെന്നതാണ് നിയമത്തിന്റെ ലക്ഷ്യമെന്നത് പ്രശംസനീയമാണെങ്കിലും മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ഈ സംരക്ഷണം ഉറപ്പാക്കുന്നില്ല. ഇത് അന്താരാഷ്ട്ര മനുഷ്യാവകാശനിയമത്തിന് കീഴിലുള്ള ഇന്ത്യയുടെ ബാധ്യതകള്‍ക്ക് വിരുദ്ധമാണ്, പ്രത്യേകിച്ച് വിവേചനമില്ലാതാക്കല്‍- ഉപദേഷ്ടാവ് ചൂണ്ടിക്കാട്ടി.

കൊവിഡ് വ്യാപനത്തിന് മുമ്പ് സിഎഎ പ്രാബല്യത്തില്‍ വന്നശേഷം ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ നിയമത്തിനെതിരേ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഇത് നേരിട്ടതിന്റെ ഭാഗമായി ഇന്ത്യയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും മരണങ്ങളും സംഭവിച്ചിട്ടുണ്ട്. മതപരമായ സ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണങ്ങളുണ്ടായി. കൂടാതെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിനെതിരായ വിദ്വേഷം വര്‍ധിച്ചിരിക്കുകയുമാണ്. ബിജെപി നേതാവും പാര്‍ലമെന്റ് അംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ പ്രസ്താവനകളാണ് അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. എല്ലാ ആളുകളും തുല്യരല്ല, മുസ്ലിംകള്‍ മറ്റുള്ളവരെപ്പോലെ ഒരു തുല്യവിഭാഗത്തില്‍പെടുന്നില്ല എന്നായിരുന്നു എംപിയുടെ പ്രസ്താവന. ഇത് അങ്ങേയറ്റം ഭയാനകമാണ്. വിദ്വേഷപ്രചാരണവും അപരവല്‍ക്കരണവും അന്താരാഷ്ട്ര മനുഷ്യാവകാശമാനദണ്ഡങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നും അദാമ ദിയോങ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News