ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ വേണ്ടെന്ന് പോളണ്ട്

ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ യുക്രെയ്ന്‍ റെയില്‍വേ അടിയന്തര തീവണ്ടി സര്‍വീസ് തുടങ്ങിയിട്ടുണ്ടെന്നും അത് സൗജന്യമായിരിക്കുമെന്നും യുക്രെയ്നിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

Update: 2022-02-27 13:28 GMT

കീവ്: യുദ്ധം തുടരുന്ന യുക്രെയ്നില്‍ നിന്ന് പോളണ്ടിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ ആവശ്യമില്ലെന്ന് പോളണ്ട്. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയിലെ പോളണ്ട് അംബാസഡര്‍ ആദം ബുരകോവ്‌സ്‌കി ട്വീറ്റ് ചെയ്തു.

രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങളുടെ ഫലമായാണ് പോളണ്ടിന്റെ അനുകൂല തീരുമാനം. അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പോളണ്ടിലേക്ക് കടക്കാന്‍ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

അതേസമയം, യുക്രെയ്നിന്റെ തലസ്ഥാനമായ കീവില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. യുക്രെയ്നിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് കൂടുതല്‍ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാനാണ് ഇന്ത്യക്കാര്‍ക്ക് അവസരം ഒരുക്കുന്നത്. കീവില്‍ നിന്ന് പടിഞ്ഞാറന്‍ മേഖലയായ ലിവൈവിലേക്ക് തീവണ്ടി സര്‍വീസ് തുടങ്ങി.

ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ യുക്രെയ്ന്‍ റെയില്‍വേ അടിയന്തര തീവണ്ടി സര്‍വീസ് തുടങ്ങിയിട്ടുണ്ടെന്നും അത് സൗജന്യമായിരിക്കുമെന്നും യുക്രെയ്നിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. തീവണ്ടി യാത്രയാണ് കൂടുതല്‍ സുരക്ഷിതം എന്നും ട്വീറ്റില്‍ പറയുന്നു. പക്ഷേ യാത്രക്കായി എങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിപ്പെടുമെന്ന ആശങ്കയിലാണ് കീവിലുള്ള വിദ്യാര്‍ഥികള്‍.