ദയവായി കൊവിഡിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്; ട്രംപിന് മറുപടിയുമായി ലോകാരോഗ്യസംഘടന

ദയവായി വൈറസിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്. മഹാമാരിയുടെ സാഹചര്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് വലിയ അപകടമുണ്ടാക്കും. കൂടുതല്‍ പേരുടെ മരണത്തിലായിരിക്കും ഇത് കലാശിക്കുക. ദേശീയ- അന്തര്‍ദേശിയ തലങ്ങളില്‍ ഒരുമയും ഐക്യപ്പെടലുമെല്ലാം വേണ്ട സമയമാണിത്.

Update: 2020-04-09 05:10 GMT

ജനീവ: ആഗോളതലത്തില്‍ ഭീതിപരത്തി കൊവിഡ് വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ ലോകാരോഗ്യസംഘടനയ്‌ക്കെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡബ്ല്യുഎച്ച്ഒ തലവന്‍ രംഗത്ത്. കൊവിഡ് മഹാമാരി ലോകജനതയ്ക്ക് തന്നെ ഭീഷണിയായി മാറിയ ഘട്ടത്തിലൂടെ കടന്നുപോവുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നിര്‍ദേശിച്ചു. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകാരോഗ്യസംഘടന ചൈനയോട് പക്ഷപാതം കാണിച്ചെന്നും ഡബ്ല്യുഎച്ച്ഒയ്ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവയ്ക്കുന്ന കാര്യം ആലോചിക്കുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി.

ലോകാരോഗ്യസംഘടനയ്ക്ക് ചൈനയോട് ചായ്‌വുണ്ടെന്ന വിമര്‍ശനം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍, ലോകാരോഗ്യസംഘടനയ്ക്ക് ആരോടും പ്രത്യേക താല്‍പര്യങ്ങളില്ലെന്നും എല്ലാ രാജ്യങ്ങളും ഒരുപോലെയാണെന്നും ഡബ്ല്യുഎച്ച്ഒ തലവന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദയവായി വൈറസിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്. മഹാമാരിയുടെ സാഹചര്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് വലിയ അപകടമുണ്ടാക്കും. കൂടുതല്‍ പേരുടെ മരണത്തിലായിരിക്കും ഇത് കലാശിക്കുക. ദേശീയ- അന്തര്‍ദേശിയ തലങ്ങളില്‍ ഒരുമയും ഐക്യപ്പെടലുമെല്ലാം വേണ്ട സമയമാണിത്.

ഐക്യമില്ലെങ്കില്‍ നൂതന ആരോഗ്യപരിരക്ഷാ സംവിധാനങ്ങളുള്ള രാജ്യങ്ങള്‍ പോലും കൂടുതല്‍ പ്രതിസന്ധിയിലാവും. മറ്റ് രാഷ്ട്രീയക്കളികളെ നമുക്ക് തല്‍ക്കാലം ക്വാറന്റൈന്‍ ചെയ്യാമെന്നും അതിന് നിരവധി മാര്‍ഗങ്ങള്‍ തേടാമെന്നും രാഷ്ട്രീയ നേതാക്കളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ശ്രദ്ധ അവരുടെ ജനങ്ങളെ രക്ഷിക്കുക എന്നതായിരിക്കണം. കൂടുതല്‍ മരണങ്ങളാണ് വേണ്ടതെങ്കില്‍ നിങ്ങള്‍ വൈറസിനെ രാഷ്ട്രീയവല്‍ക്കരിച്ചുകൊള്ളുക. അത് തീക്കളിയായിരിക്കും. അല്ലെങ്കില്‍ ഇത്തരം നടപടികളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ഗെബ്രിയേസസ് കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News