ഇസ്രായേലിന്റെ ദോഹ ആക്രമണം; ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇസ് ലാമിക്-അറബ് ഉച്ചകോടിയില്‍ പങ്കെടുക്കും

Update: 2025-09-12 14:13 GMT

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ദോഹയില്‍ ഇസ്ലാമിക്-അറബ് നേതാക്കളുടെ അടിയന്തര ഉച്ചകോടിയില്‍ പങ്കെടുക്കും. ഖത്തറിനെതിരായ ഇസ്രായേലിന്റെ ആക്രമണത്തില്‍ പ്രതിഷേധം അറിയിക്കാനും ഖത്തറിന് പിന്തുണ നല്‍കാനും ലക്ഷ്യമിട്ടുള്ള ഉച്ചകോടിയില്‍ ഒഐസി, അറബ് ലീഗ് നേതാക്കളും പങ്കെടുക്കും. ദോഹയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇറാന്റെ പ്രതിനിധിയായി പ്രസിഡന്റ് പെസെഷ്‌കിയാന്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് വിവിധ അറബ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് അടിയന്തര യോഗം നടക്കുന്നത്.അറബ് രാഷ്ട്രനേതാക്കളുടെ അടിയന്തര യോഗത്തില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ടെഹ്റാനില്‍ നിന്ന് ദോഹയിലേക്ക് പോകുമെന്ന് മെഹ്ര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെ അപലപിക്കാനും ദോഹയിലെ ഹമാസ് നേതൃത്വത്തിനെതിരായ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് ഉച്ചകോടി വിളിച്ചുചേര്‍ത്തത്.ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി അടുത്ത ദിവസങ്ങളില്‍ ദോഹയില്‍ അറബ്-ഇസ് ലാമിക് ഉച്ചകോടി നടക്കുമെന്നും പ്രതികരണത്തിന്റെ രീതി അവിടെ തീരുമാനിക്കുമെന്നും അറിയിച്ചിരുന്നു.

വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ഇറാന്റെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹവും പ്രസിഡന്റും ഉച്ചകോടിയില്‍ പ്രസംഗിക്കുമെന്നും അറിയിച്ചു. 'ഇത് പ്രവര്‍ത്തിക്കാനുള്ള സമയമാണ്, വാക്കുകള്‍ മാത്രം പോരാ,' ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറാഖ്ചി പറഞ്ഞു. പ്രസ്താവനകളില്‍ ഒതുങ്ങാതെ ഉച്ചകോടി മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിദ്ദയില്‍ നടന്ന ഒഐസി യോഗത്തില്‍ ഇറാന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നുവെന്ന് അറാഖ്ചി ഓര്‍മ്മിപ്പിച്ചു: 'സയണിസ്റ്റ് ഭരണകൂടവുമായുള്ള ബന്ധം വിച്ഛേദിക്കുക, സാമ്പത്തിക സഹകരണം അവസാനിപ്പിക്കുക, ഇസ്രായേലിനെയും പാശ്ചാത്യ രാജ്യങ്ങളെയും പിന്തുണയ്ക്കുന്നവരെ തടയുക, ഉപരോധം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്,' അദ്ദേഹം പറഞ്ഞു. ഈ നടപടികള്‍ ഇനിയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസയിലെ ജനങ്ങള്‍ക്ക് പ്രസംഗങ്ങള്‍ ആവശ്യമില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. അവര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയാണ് ആവശ്യം. എല്ലാറ്റിനുമുപരിയായി അവരുടെ അവകാശങ്ങളും അവരുടെ ഭൂമിയും സ്വന്തം ഭാവി തീരുമാനിക്കാനുള്ള അധികാരവും അവര്‍ക്ക് വേണം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ ആക്രമണത്തിലൂടെ ഇസ്രായേലിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തിയെന്നും അറാഖ്ചി പറഞ്ഞു.





Tags: