ഇറാന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെ തിരിച്ചറിഞ്ഞതായി പെന്റഗണ്‍

Update: 2026-03-04 06:05 GMT

വാഷിങ്ടണ്‍: ഇറാനെതിരേ അമേരിക്കയും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കത്തിനിടെ കൊല്ലപ്പെട്ട നാല് അമേരിക്കന്‍ സൈനികരെ തിരിച്ചറിഞ്ഞുവെന്ന് പെന്റഗണ്‍. ഞായറാഴ്ച കുവൈത്തിലെ പോര്‍ട്ട് ഷുഐബയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് സൈനികരെയാണ് ചൊവ്വാഴ്ച ഔദ്യോഗികമായി തിരിച്ചറിഞ്ഞത്. ഇറാന്റെ തിരിച്ചടിയില്‍ ഇതുവരെ ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍.

കൊല്ലപ്പെട്ടവരില്‍ ഫ്‌ലോറിഡയിലെ വിന്റര്‍ ഹാവനില്‍ നിന്നുള്ള ക്യാപ്റ്റന്‍ കോഡി എ ഖോര്‍ക്ക്(35), നെബ്രാസ്‌കയിലെ ബെല്ലെവ്യൂവില്‍ നിന്നുള്ള സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നോഹ എല്‍ ടൈറ്റ്‌ജെന്‍സ്(42), മിനസോട്ടയിലെ വൈറ്റ് ബെയര്‍ ലേക്കില്‍ നിന്നുള്ള സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നിക്കോള്‍ എം അമോര്‍(39), അയോവയിലെ വെസ്റ്റ് ഡെസ് മോയിന്‍സില്‍ നിന്നുള്ള സര്‍ജന്റ് ഡെക്ലാന്‍ ജെ കോഡി(20) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

സൈനികര്‍ക്ക് ഭക്ഷണം, മരുന്ന്, ഇന്ധനം, വെള്ളം, വെടിമരുന്ന്, ഗതാഗത ഉപകരണങ്ങള്‍, സാധനങ്ങള്‍ എന്നിവ എത്തിക്കുന്ന അയോവയിലെ ആര്‍മി റിസര്‍വ് സസ്‌റ്റൈന്‍മെന്റ് യൂണിറ്റായ 103മത് സസ്‌റ്റൈന്‍മെന്റ് കമാന്‍ഡില്‍ ലോജിസ്റ്റിക് വിഭാഗത്തിലാണ് ഈ നാല് സൈനികരെ നിയോഗിച്ചിരുന്നത്. കൊല്ലപ്പെട്ട മറ്റ് രണ്ട് സൈനികരുടെ വിവരങ്ങള്‍ അവരുടെ കുടുംബാംഗങ്ങളെ അറിയിച്ച ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Tags: