ഫലസ്തീന്‍ തടവുകാരന്റെ ഇസ്രായേല്‍ ജയിലിലെ നിരാഹാരസമരം 70 ദിവസം പിന്നിടുന്നു

ഞാന്‍ ഏത് നിമിഷവും മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഓരോ ദിവസം കഴിയുന്തോറും ഞാന്‍ കൂടുതല്‍ ക്ഷീണിതനാവുകയാണ്. ഏറെ പ്രയാസകരമായ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോവുന്നത്. ഒന്നുകില്‍ എന്നെ മോചിപ്പിക്കണം. അല്ലാതെ അനിശ്ചിതകാല നിരാഹാരത്തില്‍നിന്ന് പിന്‍മാറില്ല.

Update: 2020-10-08 04:53 GMT

തെല്‍അവീവ്: ഇസ്രായേല്‍ ഭരണകൂടം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഫലസ്തീന്‍ തടവുകാരന്റെ നിരാഹാര സമരം 70 ദിവസം പിന്നിടുന്നു. കഴിഞ്ഞ ജൂലൈയില്‍ ജെനിന്‍ നഗരത്തില്‍നിന്ന് ഇസ്രായേല്‍ പിടികൂടിയ മഹര്‍ അല്‍ അഖ്‌റാസ് (49) ആണ് മോചനത്തിനായി രണ്ടുമാസത്തിലധികമായി ജയിലില്‍ നിരാഹാരം അനുഷ്ടിക്കുന്നത്. ദിവസങ്ങളായി ഭക്ഷണമൊന്നും കഴിക്കാത്തതിനെത്തുടര്‍ന്ന് അവശനിലയില്‍ ഇസ്രായേല്‍ മെഡിക്കല്‍ സെന്ററില്‍ കഴിയുന്ന മഹര്‍ അല്‍ അഖ്‌റാസിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

'ഞാന്‍ ഏത് നിമിഷവും മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഓരോ ദിവസം കഴിയുന്തോറും ഞാന്‍ കൂടുതല്‍ ക്ഷീണിതനാവുകയാണ്. ഏറെ പ്രയാസകരമായ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോവുന്നത്. ഒന്നുകില്‍ എന്നെ മോചിപ്പിക്കണം. അല്ലാതെ അനിശ്ചിതകാല നിരാഹാരത്തില്‍നിന്ന് പിന്‍മാറില്ല. ഇസ്രായേല്‍ ഭരണകൂടത്തിന്റെ അനീതിയുടെ പേരില്‍ ഞാന്‍ കൊല്ലപ്പെടും'- വീഡിയോയില്‍ മഹര്‍ അല്‍ അഖ്‌റാസ് പറയുന്നു. ജൂലൈയില്‍ ഇസ്രായേല്‍ ഭരണകൂടം പിടികൂടിയ അഖ്‌റാസിനെതിരേ ഏതെങ്കിലും കുറ്റങ്ങള്‍ ചുമത്തുകയോ വിചാരണയോ കൂടാതെയാണ് തടങ്കലിലാക്കിയത്.

മോചനത്തിന് യാതൊരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ് ഇസ്രായേല്‍ ഭരണകൂടത്തിനെതിരേ അഖ്‌റാസ് ജയിലില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ വളരെ മോശമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഹൃദയത്തിനും കാഴ്ചയ്ക്കും കേള്‍വിക്കും ഗുരുതരമായ തകരാറ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അപകടാവസ്ഥയിലാണ് തുടരുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഇസ്രായേല്‍ അധികാരികള്‍ ഇതുവരെ അഞ്ചുതവണയാണ് അഖ്‌റാസിനെ അറസ്റ്റുചെയ്തിട്ടുള്ളത്. 2020 മെയ് മാസത്തിലാണ് അവസാനമായി അറസ്റ്റുചെയ്യുന്നത്. ആറ് മക്കളുടെ പിതാവാണ് അദ്ദേഹം.

Tags: