ന്യൂഡല്‍ഹി: സിന്ധു നദീജല കരാറില്‍ ചര്‍ച്ച വേണമെന്ന നിലപാടുമായി പാകിസ്താന്‍. കരാറിലെ വ്യവസ്ഥകളില്‍ ചര്‍ച്ച വേണമെന്നാണ് പാകിസ്താന്‍ ജലവിഭവ സെക്രട്ടറി സയ്യിദ് അലി മുര്‍താസ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ എതിര്‍പ്പുകള്‍ ചര്‍ച്ച ചെയ്യാമെന്നും മുര്‍താസ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് കരാറില്‍ ചര്‍ച്ചയാകാമെന്ന നിലപാട് പാകിസ്താന്‍ സ്വീകരിക്കുന്നത്. 2023 ലും 2024 ലും കരാര്‍ പുതുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്താന്‍ തയ്യാറായിരുന്നില്ല.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത്. പാകിസ്താനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും നദീജല കരാര്‍ മരവിപ്പിക്കല്‍ പിന്‍വലിക്കില്ലെന്ന് ഇന്ത്യ നിലപാട് എടുത്തതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം പാകിസ്താന്‍ അവസാനിപ്പിക്കുംവരെ കരാര്‍ മരവിപ്പിക്കല്‍ തുടരാനാണ് ഇന്ത്യയുടെ തീരുമാനമെന്നായിരുന്നു റിപോര്‍ട്ടിലുണ്ടായിരുന്നത്.
സിന്ധു നദിയിലേയും അതിന്റെ പോഷകനദികളിലെയും ജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും ഒപ്പുവച്ച ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ 1960 സെപ്റ്റംബര്‍ 19-ന് കറാച്ചിയില്‍വച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും അന്നത്തെ പാകിസ്താന്‍ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറില്‍ ഒപ്പുവച്ചത്. കരാറിന്റെ നിബന്ധനകള്‍ പ്രകാരം കിഴക്കന്‍ നദികളായ സത്ലജ്, രവി, ബിയാസ് എന്നീ നദികളിലെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ നിയന്ത്രണം പാകിസ്താനുമാണ്.
