പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

ബോള്‍ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ മുരീദ് അബ്ബാസാണ് വെടിയേറ്റുമരിച്ചത്

Update: 2019-07-10 04:35 GMT

കറാച്ചി: പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനലിലെ അവതാരകന്‍ വെടിയേറ്റുമരിച്ചു. ബോള്‍ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ മുരീദ് അബ്ബാസാണ് ഖയാബനെ ബുഖാരി ഏരിയയിലെ കഫേയ്ക്കു സമീപം വെടിയേറ്റുമരിച്ചത്. വെളുത്ത നിറമുള്ള കാറിലെത്തിയ ആതിഫ് സമാന്‍ എന്നയാളാണ് വെടിവച്ചതെന്നും വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നും പോലിസ് ജിയോ ന്യൂസിനോട് വ്യക്തമാക്കി. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്ന് സൗത്ത് ഡിഐജി ഷര്‍ജീല്‍ കരാല്‍ അറിയിച്ചു. അടിവയറിനും തലയ്ക്കും വെടിയേറ്റ മുരീദ് അബ്ബാസിനെ ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്റര്‍(ജെപിഎംസി) ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവയ്പില്‍ പരിക്കേറ്റ മുരീദ് അബ്ബാസിന്റെ സുഹൃത്ത് ഖൈസര്‍ ഹയാത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പോലിസ് നടത്തിയ പരിശോധനയില്‍ അക്രമിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ആത്മഹത്യാ ശ്രമത്തിനിടെ പിടികൂടിയതായി ഡോണ്‍ റിപോര്‍ട്ട് ചെയ്തു. നെഞ്ചിനു സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച ആതിഫ് സമാനെ ഗുരുതരമായ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ സിന്ധ് ഐജിപി കലീം ഇമാം ഡിഐജിക്കു റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയ്ക്കും തെളിവുകള്‍ ശേഖരിച്ച ശേഷവും മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂവെന്ന് ഐജിപി പറഞ്ഞു.




Tags: