ഓക്‌സിജന്‍ തീരാന്‍ മണിക്കൂറുകള്‍ മാത്രം; ടൈറ്റണ്‍ അന്തര്‍വാഹിനിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി
ലണ്ടന്‍: അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പുറപ്പെട്ട് കാണാതായ ടൈറ്റണ്‍ അന്തര്‍വാഹിനി കണ്ടെത്താനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി. ഓക്‌സിജന്‍ തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കൂടുതല്‍ കപ്പലുകളും അന്തര്‍വാഹിനികളുമെത്തിച്ചുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പേടകം കണ്ടെത്താനായില്ലെങ്കില്‍ നാലു ദിവസമായി തുടരുന്ന ശ്രമങ്ങളെല്ലാം വൃഥാവിലാകും.
കടലിനടയിലേക്ക് നാലു കിലോമീറ്റര്‍ വരെ ആഴത്തില്‍ (13,200 അടി) തെരച്ചില്‍ തുടരുകയാണെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. പേടകം അവസാനമായി കാണാതായ പ്രദേശത്ത് യുഎസിലെ കണറ്റിക്കട്ട് സ്റ്റേറ്റിനോളം വിസ്തൃതിയിലാണ് കുഞ്ഞു പേടകത്തിനായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ടൈറ്റനിലെ അഞ്ച് യാത്രക്കാരെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാസംഘം.