ഒരു ഡോസ് വാക്‌സിന്‍ വീടുകളിലെ കൊവിഡ് വ്യാപനം 50 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനം

ലണ്ടനിലെ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) ആണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തി ബുധനാഴ്ച റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആദ്യ ഡോസെടുത്ത് മൂന്നാഴ്ച കഴിഞ്ഞ് രോഗം സ്ഥിരീകരിച്ച ഒരു വ്യക്തിയില്‍നിന്ന് വാക്‌സിനെടുക്കാത്ത കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാനുള്ള സാധ്യത 38 മുതല്‍ 49 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തി.

Update: 2021-04-28 06:32 GMT

ലണ്ടന്‍: ഒരു ഡോസ് വാക്‌സിന്‍ എടുത്തവരുടെ കുടുംബാംഗങ്ങളിലേക്ക് കൊവിഡ് വ്യാപിക്കുന്നത് 50 ശതമാനം വരെ കുറച്ചതായി കണ്ടെത്തല്‍. ഫൈസര്‍ വാക്‌സിനോ അസ്ട്രാസെനക്ക വാക്‌സിനോ എടുത്തവരില്‍ നടത്തിയ പഠനത്തിലാണ് കുടുംബാംഗങ്ങളിലേക്ക് രോഗം പകരുന്നത് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതായി വ്യക്തമായത്. ലണ്ടനിലെ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) ആണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തി ബുധനാഴ്ച റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ആദ്യ ഡോസെടുത്ത് മൂന്നാഴ്ച കഴിഞ്ഞ് രോഗം സ്ഥിരീകരിച്ച ഒരു വ്യക്തിയില്‍നിന്ന് വാക്‌സിനെടുക്കാത്ത കുടുംബാംഗങ്ങള്‍ക്ക് രോഗം പടരാനുള്ള സാധ്യത 38 മുതല്‍ 49 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തി.

വാക്‌സിന്‍ കുത്തിവയ്പ്പിലൂടെ ഏറ്റവും മാരകമായ വൈറസ് പകര്‍ച്ച കുറയ്ക്കുമെന്ന് വ്യക്തമാക്കുന്ന സമഗ്രമായ ഡാറ്റയാണെന്ന് ഈ പഠനമെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ഇത് ഭയങ്കരമായ വാര്‍ത്തയാണ്. വാക്‌സിനുകള്‍ ജീവന്‍ രക്ഷിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍, ഇതൊരു യഥാര്‍ഥ ലോക ഡാറ്റയാണ്. കൊവിഡ് മഹാമാരിയില്‍നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ലൊരു മാര്‍ഗമാണ് വാക്‌സിനേഷന്‍. ഇത് നിങ്ങളുടെ വീട്ടിലെ ലക്ഷണമില്ലാത്തവരില്‍നിന്ന് രോഗം പടരുന്നതിനെ തടയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

24,000 വീടുകളിലെ 57,000 ആളുകളില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇവരില്‍നിന്നുള്ള സമ്പര്‍ക്കം പരിശോധിച്ചാണ് വാക്‌സിനേഷന്‍ കൊവിഡ് വ്യാപനം തടയുമെന്ന നിഗമനത്തില്‍ പഠനസംഘമെത്തിയത്. ഒരു ഡോസ് വാക്‌സിനേഷന്‍ എടുത്ത് നാലാഴ്ച കഴിഞ്ഞ് ഒരു വ്യക്തിക്ക് രോഗാണുബാധ ഉണ്ടാവാനുള്ള സാധ്യത 65 ശതമാനം വരെ കുറയ്ക്കുമെന്ന് മുന്‍പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വീടുകളില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ കുടുംബാംഗങ്ങളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. മുറികളില്‍ ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ താമസിക്കുമ്പോഴും ജയിലുകളിലും രോഗവ്യാപനത്തിന്റെ കാര്യത്തില്‍ സമാനമായ പ്രതിഫലനമാണ് സൃഷ്ടിക്കുക.

വാക്‌സിനുകള്‍ രോഗത്തിന്റെ കാഠിന്യം കുറയ്ക്കുകയും ഓരോ ദിവസവും നൂറുകണക്കിന് മരണങ്ങള്‍ തടയുകയും ചെയ്യുക മാത്രമല്ല ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് രോഗം കൈമാറാനുള്ള സാധ്യത കുറയ്ക്കുന്നതിലും അവ സ്വാധീനം ചെലുത്തുന്നുവെന്ന് തങ്ങളുടെ പഠനം തെളിയിക്കുന്നതായി പിഎച്ച്ഇ ഇമ്മ്യൂണൈസേഷന്‍ മേധാവി മേരി റാംസെ പറഞ്ഞു. ബ്രിട്ടനില്‍ നടക്കുന്ന വാക്‌സിനേഷനിലൂടെ മാര്‍ച്ച് അവസാനത്തോടെ 60 വയസിന് മുകളിലുള്ള 10,400 മരണങ്ങള്‍ തടഞ്ഞതായി പിഎച്ച്ഇ നടത്തിയ മുന്‍പഠനം വ്യക്തമാക്കുന്നു.

Tags:    

Similar News