ഹൂതി ആക്രമണം; യെമന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു

Update: 2021-12-14 01:20 GMT

കെയ്‌റോ: യെമനില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ മുതിര്‍ന്ന യെമന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു. മേജര്‍ ജനറല്‍ നാസര്‍ അല്‍ ദെയ്ബാനി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പ്രധാന സെന്‍ട്രല്‍ നഗരമായ മരീബ് നഗരത്തില്‍ യെമന്‍ സര്‍ക്കാര്‍ സേനയും ഹൂതി വിമതരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് സുബിയാനി കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. മരീബ് നഗരത്തിന് സമീപത്തെ ബലാഖ് മലനിരകളിലുള്ള സൈനിക പോസ്റ്റില്‍ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം. മരീബ് പിടിച്ചെടുക്കാനുള്ള ഇറാന്റെ പിന്തുണയോടെയുള്ള ഹൂതികളുടെ ശ്രമത്തിനെതിരേ മാസങ്ങളായി യെമന്‍ സൈന്യം പോരാട്ടത്തിലാണ്.

ഏറ്റുമുട്ടലില്‍ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും വിമതരാണ്- ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, നഗരത്തിന്റെ തെക്കന്‍ മേഖലയില്‍ കിലോമീറ്ററുകളോളം സൈന്യം മുന്നേറിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 കേന്ദ്രങ്ങളില്‍ സൈന്യം നടത്തിയ മുന്നേറ്റത്തില്‍ ഹൂതി വിമതര്‍ക്ക് കനത്ത നാശം നേരിട്ടതായി യെമന്‍ വാര്‍ത്തവിതരണ മന്ത്രി മുഅമ്മര്‍ അല്‍ ഇര്‍യാനി പറഞ്ഞു.

സര്‍ക്കാരിന്റെ സായുധസേനയുടെ സൈനികപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കമാന്‍ഡറാണ് കൊല്ലപ്പെട്ട അല്‍ ദെയ്ബാനി. നഗരത്തിലെ തന്ത്രപ്രധാനമായ അല്‍ബലാഖ് പര്‍വതനിരകളിലേക്കുള്ള ഹൂതികളുടെ നുഴഞ്ഞുകയറ്റത്തിനെതിരേ പോരാടുന്ന സര്‍ക്കാര്‍ സൈനികര്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് മേജറിന് നേരേ ആക്രമണമുണ്ടായത്. വെടിയുണ്ട തലയിലാണ് പതിച്ചതെന്ന് യെമനിലെ ആംഡ് ഫോഴ്‌സ് ഗൈഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ സൈനിക ഉദ്യോഗസ്ഥന്‍ റഷാദ് അല്‍മെഖ്‌ലാഫി അറബ് ന്യൂസിനോട് പറഞ്ഞു.

Tags: