ടൈറ്റാനിക് പര്യടനത്തിന് പരസ്യവുമായി ഓഷ്യന്‍ഗേറ്റ്

ജൂണ്‍ 18-ന് രാവിലെയായിരുന്നു ദുരന്തത്തില്‍പ്പെട്ട ടൈറ്റന്‍ ജലപേടകം യാത്രതിരിച്ചത്.

Update: 2023-06-30 11:17 GMT

വാഷിങ്ടണ്‍: സി.ഇ.ഒ. അടക്കം അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം സംഭവിച്ചിട്ടും അടുത്തവര്‍ഷത്തേക്കുള്ള ടൈറ്റാനിക് പര്യടനത്തിന്റെ പരസ്യം ഇപ്പോഴും ടൈറ്റന്‍ പേടകത്തിന്റെ മാതൃകമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്സ്പെഡീഷന്‍സിന്റെ വെബ്സൈറ്റില്‍. അടുത്ത വര്‍ഷം ജൂണില്‍ നടത്താനിരിക്കുന്ന രണ്ടു പര്യടനങ്ങള്‍ക്കുള്ള പരസ്യമാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ ഉള്ളത്. 111 വര്‍ഷങ്ങള്‍ക്ക് മുന്നേ തകര്‍ന്ന ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി ഏട്ട് ദിവസവും ഏഴ് രാത്രിയും നീണ്ടുനില്‍ക്കുന്ന പര്യടനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.2024ല്‍ ജൂണ്‍ 12 മുതല്‍ 20 വരേയും 21 മുതല്‍ 29 വരേയും രണ്ടു പര്യടനങ്ങള്‍ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് പരസ്യത്തില്‍ നിന്നും വ്യക്തമാകുന്നത്.

ഒരാഴ്ചയില്‍ ആറുപേര്‍ക്കാണ് യാത്രചെയ്യാന്‍ അവസരം ഉണ്ടാകുക. കുറഞ്ഞത് 17 വയസ്സുള്ളവര്‍ക്ക് പര്യടനത്തിനുള്ള അവസരമുണ്ട്. വൈഫൈ അടക്കമുള്ള സൗകര്യമുണ്ടായിരിക്കുമെന്നും കമ്പനി വെബ്സൈറ്റ് പറയുന്നു. ദൈനംദിന ജീവിത്തില്‍നിന്ന് തികച്ചു വ്യത്യസ്ഥമായ ഒരു അനുഭവം ലഭിക്കാനും ജീവിതത്തില്‍ ആസാധാരണമായ ഒന്നിനെ കണ്ടെത്തുവാനുമുള്ള അവസരമാണ് ഈ യാത്രയിലൂടെ ലഭിക്കുന്നതെന്നാണ് ടൈറ്റാനിക് പര്യവേഷണത്തെ ഓഷ്യന്‍ഗേറ്റ് വിശേഷിപ്പിക്കുന്നത്. 25,000 ത്തോളം ഡോളറാണ് ഒരു പര്യടനത്തിന് കമ്പനി ഈടാക്കുന്നത്. അതേസമയം, ടൈറ്റാനിക് പര്യവേഷണം അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ കമ്പനി അറിയിച്ചിരുന്നു.എന്നാല്‍ പരസ്യം വെബ്‌സൈറ്റില്‍ തുടരുകയാണ്.

ജൂണ്‍ 18-ന് രാവിലെയായിരുന്നു ദുരന്തത്തില്‍പ്പെട്ട ടൈറ്റന്‍ ജലപേടകം യാത്രതിരിച്ചത്. പ്രധാനകപ്പലില്‍നിന്ന് ആഴക്കടലിലേക്ക് പുറപ്പെട്ട് ഒന്നേമുക്കാല്‍ മണിക്കൂറിനുള്ളില്‍തന്നെ ടൈറ്റനുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് മര്‍ദനത്തെത്തടുര്‍ന്ന് ഉള്‍വലിഞ്ഞുള്ള സ്ഫോടനത്തിലായിരുന്നു ടൈറ്റന്‍ തകര്‍ന്നത്. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ടൈറ്റാന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹാവിശിഷ്ടങ്ങള്‍ കണ്ടെത്തിയത്.




Tags: